രാജസ്ഥാന് വലിയ ആശ്വാസം, ക്യാപ്റ്റന്‍ സാംസണ്‍ തിരിച്ചെത്തുന്നു
ഐപിഎല്ലില്‍ പതറുന്ന രാജസ്ഥാന്‍ റോയല്‍സിനെ തേടി വലിയ ആശ്വാസ വാര്‍ത്ത. ഇന്ത്യന്‍ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിംഗ് ചുമതലകളും പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ബംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്നുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് സഞ്ജുവിന് പൂര്‍ണ്ണ രൂപത്തില്‍ ഐപിഎല്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. വലത് ചൂണ്ടുവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പിംഗിനും ഫീല്‍ഡിംഗിനും എന്‍സിഎ മെഡിക്കല്‍ ടീമിന്റെ അനുമതി തേടാനായി ഈ ആഴ്ച ആദ്യം ഗുവാഹത്തിയില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നു.
'അതെ, എന്‍.സി.എയിലെ അവസാന ഫിറ്റ്‌നസ് ടെസ്റ്റുകള്‍ അദ്ദേഹം പാസായി,' ബി.സി.സി.ഐയിലെ വിശ്വസനീയമായ ഒരു ഉറവിടം പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഇതോടെ ഏപ്രില്‍ 5-ന് മുള്ളന്‍പൂരില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കുന്ന അടുത്ത മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റൈ നായകന്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന ഉറപ്പായി. ഐ.പി.എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാന്‍ സാംസണിന് ആദ്യം ഭാഗിക അനുമതി മാത്രമാണ് ലഭിച്ചത്. അവിടെ ബാറ്റ് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നെങ്കിലും ഫീല്‍ഡ് ചെയ്യാനോ വിക്കറ്റ് കീപ്പ് ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. തല്‍ഫലമായി, രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ കൂടുതലും ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാന്‍ തീരുമാനിക്കുകയും ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിന് ക്യാപ്റ്റന്‍സി നല്‍കുകയും ചെയ്തു.
ഇതുവരെ ഇംപാക്ട് പ്ലെയറായി ബാറ്റ് ചെയ്ത മൂന്ന് മത്സരങ്ങളില്‍ സാംസണ്‍ 66 (എസ്.ആര്‍.എച്ച്), 13 (കെ.കെ.ആര്‍), 20 (സി.എസ്.കെ) റണ്‍സ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറെല്‍ ടീമിന് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്തു. ഞായറാഴ്ച രാത്രി ഗുവാഹത്തിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിജയം നേടിയാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ കാമ്പയിന്‍ ആരംഭിച്ചത്