ചരിത്രം പിറന്നു, അപൂര്‍വ്വ റെക്കോര്‍ഡുമായി സഞ്ജു സാംസണ്‍
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ആധികാരിക വിജയമാണ് നേടിയത്. സീസണില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇടംപിടിയ്ക്കും വിധമൊരു റെക്കോര്‍ഡ് കുറിച്ചു. രാജസ്ഥാന്‍ റോയല്‍സിനായി 4000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് സഞ്ജു നേടിയത്.
റെക്കോര്‍ഡ് നേട്ടവുമായി സഞ്ജുവിന്റെ കരുത്തുറ്റ ഇന്നിംഗ്‌സ്
സഞ്ജുവിന് ഇത് പരിക്കുകള്‍ വേട്ടയാടിയ സീസണായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനായി, സഞ്ജു 31 പന്തില്‍ നിന്ന് 41 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെട്ടതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.
യശസ്വി ജയ്സ്വാള്‍ (19 പന്തില്‍ 36), വൈഭവ് സൂര്യവംശി (33 പന്തില്‍ 57), ധ്രുവ് ജുറല്‍ (12 പന്തില്‍ 31*) എന്നിവരുടെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സഞ്ജുവിന്റെ ഈ പക്വതയാര്‍ന്ന ബാറ്റിംഗായിരുന്നു. 17 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റിന്റെ ആധികാരിക വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഈ വിജയത്തോടെ വുഡന്‍ സ്പൂണ്‍ (അവസാന സ്ഥാനക്കാര്‍) എന്ന നാണക്കേടില്‍ നിന്ന് രാജസ്ഥാന്‍ ഏറെക്കുറെ രക്ഷപ്പെട്ടു കഴിഞ്ഞു.
റോയല്‍സിന്റെ റണ്‍വേട്ടയില്‍ സഞ്ജു ഒന്നാമത്
രാജസ്ഥാന്‍ റോയല്‍സ് ചരിത്രത്തില്‍ 4000 റണ്‍സ് നേടുന്ന ആദ്യ കളിക്കാരനായി മാറിയ സഞ്ജു സാംസണ്‍, ഫ്രാഞ്ചൈസിയുടെ റണ്‍വേട്ടക്കാരില്‍ ബഹുദൂരം മുന്നിലാണ്. രാജസ്ഥാനായി 3000-ല്‍ അധികം റണ്‍സ് നേടിയ ഏക താരം ജോസ് ബട്ട്ലര്‍ മാത്രമാണ്.
ഐപിഎല്‍ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍:
Player Runs Innings Batted 50s 100s Batting Average Batting Strike-Rate
Sanju Samosn 4027 144 23 3 31.70 141.25
Jos Buttler 3055 82 18 7 41.84 147.79
Ajinkya Rahane 2810 93 17 2 34.26 122.65
Shane Watosn 2372 76 14 2 36.49 141.27
Yashasvi Jaiswal 2166 66 15 2 34.38 152.85
രാജസ്ഥാന്‍ റോയല്‍സിനായി എല്ലാ മത്സരങ്ങളിലും (2013 ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ) 4000 റണ്‍സ് തികച്ച ഏക താരവും സഞ്ജു സാംസണാണ്. 150 ഇന്നിംഗ്‌സുകളില്‍ നിന്ന് 31.96 ശരാശരിയില്‍ 4219 റണ്‍സാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം.
സഞ്ജുവിന്റെ ഐപിഎല്‍ കരിയര്‍: നേട്ടങ്ങളും നാഴികക്കല്ലുകളും
മൊത്തത്തില്‍, സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ കരിയറില്‍ 172 ഇന്നിംഗ്‌സുകളില്‍ നിന്ന് 30.94 ശരാശരിയില്‍ 4704 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) 28 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു സെഞ്ച്വറിയടക്കം 677 റണ്‍സും സഞ്ജു നേടിയിട്ടുണ്ട്.
2013-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സഞ്ജു, പിന്നീട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമായി മാറി. 2016-ലും 2017-ലും റോയല്‍സ് ലീഗില്‍ നിന്ന് പുറത്തായിരുന്നപ്പോള്‍ ഡല്‍ഹിക്ക് വേണ്ടി കളിച്ച സഞ്ജുവിനെ 2018-ല്‍ റോയല്‍സ് തിരിച്ചെത്തിക്കുകയായിരുന്നു. 2021 സീസണിന് മുന്നോടിയായി സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.