പറയാതെ വയ്യ, അച്ഛന്റെ വികാര പ്രകടനങ്ങള്‍ കുഴിവെട്ടുന്നത് സ്വന്തം മകന്റെ ഭാവിയായേക്കാം
സുരേഷ് വാരിയത്ത്
'ബിസിസിഐI കളിക്കാന്‍ വിളിച്ചാല്‍ പോകും, അല്ലെങ്കില്‍ പോവില്ല'…….
കേരളാ ക്രിക്കറ്റ് ലീഗിന്റെ ചടങ്ങില്‍ വച്ച് സഞ്ജു സാംസണ്‍ പറഞ്ഞ വാക്കുകളാണ്. കിട്ടിയ അവസരങ്ങളിലൊന്നും തിളങ്ങാനാവാതെ, ശ്രീലങ്കയില്‍ തുടര്‍ച്ചയായി 'സംപൂജ്യനായി ' തിരിച്ചു വന്ന സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവില്ലാത്ത അവസ്ഥയിലാണ് ദുലീപ് ട്രോഫിയില്‍ ഒരു മിന്നുന്ന സെഞ്ചുറിയടിക്കുന്നത്.
ബംഗ്ലാദേശിനെതിരെ ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ തുടക്കം കിട്ടിയിട്ടും മുന്നോട്ടുപോകാനാവാതെ വിഷമിച്ച വേളയില്‍ വീണ്ടും ഒരവസരം കൊടുത്ത് ആത്മവിശ്വാസം വളര്‍ത്തിയ ക്യാപ്റ്റന്‍ സൂര്യക്കും കോച്ച് ഗംഭീറിനും നന്ദി പറയാം. ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെയുള്ള അവിശ്വസനീയമായ സെഞ്ചുറിക്കു ശേഷം ഇതാ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെയും അയാള്‍ തല്ലിച്ചതച്ചിരിക്കുന്നു.
ഒരു വ്യാഴവട്ടക്കാലമായി സഞ്ജുവിനെ ഫോളോ ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സമ്മാനം, അയാളുടെ കരിയറിലെ പീക്ക് ടൈമാണ് ഇത്.
'സ്വന്തം വഴി വെട്ടി വന്നവനാണ് ….. വിയര്‍പ്പു തുന്നിയിട്ട കുപ്പായമാണത്'
ഒന്നുകൂടി, ഇന്ത്യയില്‍ ഫസ്റ്റ് ക്ലാസ് രംഗത്ത് കളിക്കുന്ന എഴുനൂറോളം പേരുണ്ടെന്ന് തോന്നുന്നു. അതില്‍ രാജ്യത്തിന് കളിക്കാന്‍ അവസരം കിട്ടുന്നത് വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ്. തന്റെ മകന്റെ പ്രകടനത്തില്‍ മതിമറന്ന് മുന്‍ ക്യാപ്റ്റന്‍മാരെയും കോച്ചുമാരേയും കുറ്റപ്പെടുത്തുന്ന ഡല്‍ഹിയുടെ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ സാംസണ്‍ വിശ്വനാഥിന്റെ വികാരപ്രകടനങ്ങള്‍ കുഴി വെട്ടുന്നത് ഒരു പക്ഷേ സ്വന്തം മകന്റെ ഭാവിക്കു തന്നെയായിരിക്കാം.