കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി സഞ്ജുവിന്റെ പിതാവ്, മൂന്ന് ക്യാപ്റ്റന്മാരും ഒരു കോച്ചും അവനെ ചതിച്ചു
തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികള്‍ നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുകയാണല്ലോ മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍ സഞ്ജു ഈ നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് അത്ര സന്തുഷ്ടനല്ല. സഞ്ജു കാലകാലങ്ങളില്‍ അനുഭവിച്ച അവഗണനയാണ് സഞ്ജുവിന്റെ പിതാവിനെ പ്രകോപിക്കുന്നത്. ഇപ്പോഴിതാ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജുവിന്റെ പിതാവ്.
സഞ്ജുവിന്റെത് ടീം സ്പിരിറ്റ്
'സഞ്ജു ടീം പ്ലെയറാണ്. വ്യക്തിഗത നേട്ടങ്ങള്‍ക്കു വേണ്ടി കളിക്കില്ല. ടീമിനു വേണ്ടിയാണ് അവന്‍ കളിക്കുന്നത്,' പിതാവ് പറഞ്ഞു. 'സ്വന്തം നേട്ടത്തിനു വേണ്ടി കളിച്ചിരുന്നെങ്കില്‍ ഇതിനു മുന്‍പ് എത്രയോ സെഞ്ച്വറികള്‍ നേടുമായിരുന്നു.' ചില താരങ്ങള്‍ സ്വന്തം സ്‌കോര്‍ നോക്കിയാണ് കളിക്കുന്നതെന്നും ടീമിനു വേണ്ടി കളിക്കുന്നവര്‍ വളരെ ചുരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പണറാണ് സഞ്ജുവിന് യോജിച്ചത്
'ചെറുപ്പം മുതലേ സഞ്ജു ഓപ്പണറാണ്. ഡല്‍ഹിയില്‍ കോച്ച് അവനെ മൂന്നാമതോ നാലാമതോ ഒക്കെ ഇറക്കുമ്പോള്‍ ഞാന്‍ രഹസ്യമായി ഇടപെട്ടിട്ടുണ്ട്. അവന്‍ ഓപ്പണറാണ്, ഓപ്പണിങ് തന്നെ ഇറക്കണം എന്ന് പറയും,' പിതാവ് വെളിപ്പെടുത്തി.
മുന്‍ ക്യാപ്റ്റന്‍മാര്‍ക്കെതിരെ വിമര്‍ശനം
ഇന്ത്യയുടെ മൂന്ന് മുന്‍ ക്യാപ്റ്റന്‍മാരും ഒരു കോച്ചും ചേര്‍ന്ന് സഞ്ജുവിന്റെ 10 വര്‍ഷം നശിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു. 'മകന് തുടര്‍ച്ചയായി അവസരം നല്‍കിയത് സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറുമാണ്. ഇവര്‍ തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍മാരാണ്, ബാക്കിയുള്ളവര്‍ കച്ചവടക്കാര്‍.'
സഞ്ജുവിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണം
സഞ്ജുവിനെപ്പോലൊരു അഗ്രസീവ് ബാറ്ററെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിക്കറ്റ് കീപ്പറായത് എന്റെ തെറ്റ്
സഞ്ജു വിക്കറ്റ് കീപ്പറായത് തന്റെ തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു. 'വിക്കറ്റ് കീപ്പറായതുകൊണ്ടാണ് ആദ്യകാലത്ത് മകന്‍ തഴയപ്പെട്ടത്. സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചു. ഇനിയുള്ള പത്ത് വര്‍ഷം അവന്‍ നേട്ടങ്ങളുണ്ടാക്കും'
കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കും. ദൈവം അനുഗ്രഹിച്ച് അവന് കഴിവുണ്ട്. കഠിനാധ്വാനം ചെയ്യണം. കഴിവുണ്ടെങ്കിലും രണ്ടുദിവസം പരിശീലനം ചെയ്തില്ലെങ്കില്‍ കാര്യമില്ലല്ലോ. കഠിനാധ്വാനം തന്നെയാണ് സഞ്ജുവിന്റെ ക്രിക്കറ്റ്. കഴിഞ്ഞ 12 വര്‍ഷമായി എന്റെ മൂത്ത മകന്‍ സാലി സാംസണ്‍ സ്വസ്ഥമായി ഉറങ്ങിയിട്ടില്ല. കേരള ക്രിക്കറ്റില്‍ ഉള്ളവര്‍ തന്നെ അവനെ ചതിച്ചു. കോച്ച് ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് അവന്റെ കരിയര്‍ ഇല്ലാതാക്കി. ഞങ്ങള്‍ക്ക് സ്പോര്‍ട്സ് ആണ് പ്രധാനം. അതിലെ വരുമാനം ഞങ്ങള്‍ കാര്യമാക്കുന്നില്ല.
ഇതിഹാസങ്ങള്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നു
ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ സഞ്ജു ടീമിലെത്താത്തതിനെ വിമര്‍ശിച്ചുവെന്നും അവരുടെ പിന്തുണ മതിയെന്നും അദ്ദേഹം പറഞ്ഞു.