10 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം, ഒട്ടും എളുപ്പമായിരുന്നില്ല, വികാരഭരിതനായി സഞ്ജു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ സെഞ്ച്വറി നേട്ടത്തിലൂടെ (50 പന്തില്‍ 107 റണ്‍സ്) സഞ്ജു സാംസണ്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 7 ബൗണ്ടറികളും 10 പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. മത്സരശേഷം ഏറെ വൈകാരികമായാണ് ഡര്‍ബനില്‍ സഞ്ജു സംസാരിച്ചത്.
ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലാണോ ഇപ്പോള്‍ കളിക്കുന്നത് എന്ന ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'അങ്ങനെയുള്ള കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വൈകാരികപരമായി പെരുമാറും. ഇത്തരം കാര്യങ്ങള്‍ എന്നെ സംബന്ധിച്ച് ഒട്ടും അനായാസമല്ല. കാരണം കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഇത്തരം നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ എനിക്ക് വലിയ സന്തോഷവും സമാധാനവും തോന്നുന്നു. ഇതേ രീതിയില്‍ മുന്നോട്ടു പോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. കൃത്യമായി നിമിഷങ്ങള്‍ ആസ്വദിച്ചു തന്നെ ഞാന്‍ മുന്നോട്ടു പോകും. വലിയ സന്തോഷവാനാണ് ഞാന്‍'- സഞ്ജു പറഞ്ഞു.
മത്സരത്തിലുടനീളം തനിക്ക് തന്നെ ഫ്‌ലോ കണ്ടെത്താന്‍ സാധിച്ചു എന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. 'ഇന്ന് ഞാന്‍ എന്റെ ഫോമിലേക്ക് ഉയര്‍ന്നു. ഇത്തരമൊരു ഫോമിലെത്തിയാല്‍ ആ ഫ്‌ലോയില്‍ തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം' സഞ്ജു വിലയിരുന്നു.
പിച്ചിന്റെ പ്രത്യേകതകളെ കുറിച്ചും സഞ്ജു സംസാരിച്ചു. 'ഇവിടുത്തെ പിച്ച് ഒരു വലിയ റോള്‍ തന്നെ നിര്‍വഹിച്ചു. ഇവിടെ ബോളര്‍മാര്‍ക്ക് അധികമായ ബൗണ്‍സ് ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന ഞങ്ങള്‍ക്ക് ഇത്തരം പിച്ചുകളെ മനസ്സിലാക്കാന്‍ അല്പം സമയം ആവശ്യമാണ്. മാത്രമല്ല ഒരു വശത്തുനിന്ന് മറ്റൊരു വശത്തേക്ക് കൃത്യമായ കാറ്റും ഉണ്ടായിരുന്നു.'
മത്സരത്തിനിടെ തന്റെ മനോഭാവത്തെ കുറിച്ചും സഞ്ജു വെളിപ്പെടുത്തി. 'പോസിറ്റീവായ മാനസികാവസ്ഥയോടെ മൈതാനത്ത് തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അടിച്ചകറ്റാന്‍ പറ്റുന്ന പന്തുകളാണെങ്കില്‍ അതില്‍ റണ്‍സ് കണ്ടെത്താന്‍ തന്നെ ശ്രമിക്കുക. ഞാന്‍ എല്ലായിപ്പോഴും ഒരു സമയത്ത് ഒരു ബോളില്‍ മാത്രമാണ് ശ്രദ്ധ ചെലുത്താറുള്ളത്'