91 സ്ഥാനം മുന്നോട്ട് കയറി, റാങ്കിംഗില്‍ സഞ്ജുവിന്റെ ഞെട്ടിക്കുന്ന കുതിപ്പ്
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഐസിസി റാങ്കിംഗില്‍ വന്‍ കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ 91 സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ച് നിലവില്‍ 65-ാം സ്ഥാനത്താണ് താരം. ഇത് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണ്.
മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 150 റണ്‍സാണ് സഞ്ജു നേടിയത്. 205.48 എന്ന സ്ട്രൈക്ക് റേറ്റില്‍ കളിച്ച താരം 19 ബൗണ്ടറികളും എട്ട് സിക്സറുകളും നേടി.
റാങ്കിങ്ങില്‍ മുന്നേറിയ മറ്റ് താരങ്ങള്‍:
നിതീഷ് കുമാര്‍ റെഡ്ഡി: ഡല്‍ഹിയില്‍ നടന്ന രണ്ടാം ടി20യില്‍ 34 പന്തില്‍ 74 റണ്‍സ് നേടിയ റെഡ്ഡി 255 സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ച് 72-ാം സ്ഥാനത്തെത്തി.
റിങ്കു സിംഗ്: രണ്ടാം ടി20യില്‍ 29 പന്തില്‍ 53 റണ്‍സ് നേടിയ റിങ്കു 22 സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ച് 43-ാം സ്ഥാനത്തെത്തി.
രവി ബിഷ്ണോയ്: പരമ്പരയിലെ അവസാന മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബിഷ്ണോയ് നാല് സ്ഥാനങ്ങള്‍ മുന്നിലേക്ക് കുതിച്ച് എട്ടാം സ്ഥാനത്തെത്തി.
ഇന്ത്യക്കാരില്‍ ടി20 ബാറ്റിംഗ് റാങ്കിങ്ങില്‍ ഒന്നാമത് സൂര്യകുമാര്‍ യാദവാണ്. 818 റേറ്റിങ് പോയിന്റോടെ രണ്ടാം റാങ്കിലാണ് അദ്ദേഹം. യശസ്വി ജയ്സ്വാള്‍ ആറാം സ്ഥാനത്തും റുതുരാജ് ഗെയിക്ക്വാദ് പതിനൊന്നാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 25-ാം സ്ഥാനത്തുമാണ്.