നിങ്ങള്‍ നിര്‍ത്തിടത്ത് നിന്നാണ് ഞാന്‍ തുടങ്ങിയത്, ദ്രാവിഡിനോട് തുറന്ന് പറഞ്ഞ് സഞ്ജു
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സ് പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ പ്രശംസ കൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ദ്രാവിഡിന്റെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയാണ് സഞ്ജു എടുത്ത് പറയുന്നത്. ദ്രാവിഡില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളെക്കുറിച്ചും സഞ്ജു മനസ്സ് തുറന്നു.
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും രാജസ്ഥാന്‍ ജഴ്‌സിയില്‍ വീണ്ടും ഒന്നിക്കാനിരിക്കെയാണ് സഞ്ജുവിന്റെ പ്രശംസ. മാര്‍ച്ച് 23-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആദ്യ മത്സരം. ദ്രാവിഡിന്റെ സ്വാധീനത്തെക്കുറിച്ച് സഞ്ജു സംസാരിച്ചത് ഇങ്ങനെ:
ദ്രാവിഡിന്റെ മാതൃകാപരമായ നേതൃത്വം
'ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്' ആര്‍.ആര്‍. ഔദ്യോഗിക വെബ്സൈറ്റ് ഉദ്ധരിച്ച ജിയോഹോട്ട്സ്റ്റാര്‍ സ്‌പെഷ്യലില്‍ സാംസണ്‍ പറഞ്ഞു.
2013-ല്‍ സഞ്ജു ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ ദ്രാവിഡായിരുന്നു ആര്‍.ആര്‍. ടീമിന്റെ ക്യാപ്റ്റന്‍. ആ സീസണ്‍ സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു. 10 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു അര്‍ദ്ധസെഞ്ച്വറിയോടെ 206 റണ്‍സാണ് സഞ്ജു നേടിയത്.
ദ്രാവിഡിന്റെ നേതൃപാടവത്തിന്റെ ഉന്നതികള്‍
ദ്രാവിഡ് 25 ടെസ്റ്റുകളിലും 79 ഏകദിനങ്ങളിലും ഇന്ത്യയെ നയിച്ചിട്ടുണ്ട്. യഥാക്രമം 57.14 ശതമാനവും 56 ശതമാനവുമായിരുന്നു വിജയശതമാനം. അദ്ദേഹത്തിന്റെ നേതൃപാടവം ഇന്നും ഏറെ പ്രശംസിക്കപ്പെടുന്നു. ഒരു പരിശീലകനെന്ന നിലയില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി ചേര്‍ന്ന് 2024-ലെ ടി20 ലോകകപ്പ് നേടി ദ്രാവിഡ് തന്റെ ആദ്യ ഐ.സി.സി കിരീടം സ്വന്തമാക്കി.
സഞ്ജുവിന്റെ പഠനങ്ങള്‍
2014 സീസണില്‍ ആര്‍.ആറിനൊപ്പമുള്ള ആദ്യ മെന്റര്‍ഷിപ്പ് കാലത്ത് ദ്രാവിഡ് തനിക്ക് നല്‍കിയ പഠനങ്ങളെക്കുറിച്ചും സഞ്ജു സംസാരിച്ചു.
' എങ്ങനെയാണ് അദ്ദേഹം യുവ കളിക്കാരോട് പെരുമാറിയിരുന്നത്, എങ്ങനെയാണ് സീനിയര്‍മാരെ പരിപാലിച്ചിരുന്നത്, എങ്ങനെയാണ് ആശയവിനിമയം നടത്തിയിരുന്നത്, മീറ്റിംഗുകളില്‍ എങ്ങനെയാണ് സംസാരിച്ചിരുന്നത്. ഇതെല്ലാം ഞാന്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു. ഞാനും അതേ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു,' സഞ്ജു പറഞ്ഞു.
ദ്രാവിഡിന്റെ വാക്കുകള്‍ പ്രചോദനമായി
ദ്രാവിഡുമായുള്ള ഒരു സംഭാഷണം തന്റെ മനസ്സില്‍ തങ്ങിനില്‍ക്കുകയും അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ പ്രചോദനം നല്‍കുകയും ചെയ്തുവെന്ന് സഞ്ജു വെളിപ്പെടുത്തി.
'അദ്ദേഹം തിരിച്ചുവന്നപ്പോള്‍ എന്നോട് ചോദിച്ചു, 'സഞ്ജു, ഈ ഫ്രാഞ്ചൈസിയില്‍ നിങ്ങള്‍ എന്തിനാണ് നിലകൊള്ളുന്നത്?' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 'സര്‍, ഇത് വളരെ എളുപ്പമാണ്, നിങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ഞാന്‍ തുടര്‍ന്നു,' സഞ്ജു പറഞ്ഞു.