സഞ്ജുവിനെ പുറത്താക്കിയതാണ്, കടുത്ത നടപടിയ്ക്ക് പിന്നിലെ കാരണം പുറത്ത്
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള ടീമിനെ സല്‍മാന്‍ നിസാര്‍ നയിക്കും. കേരളത്തിന്റെ പ്രാക്ടീസ് ക്യാമ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സഞ്ജു സാംസണെ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു.
വിജയ് ഹസാരെ ട്രോഫിക്കുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ സഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്യാമ്പിലും രണ്ട് പ്രാക്ടീസ് മത്സരങ്ങളിലും സഞ്ജു പങ്കെടുത്തില്ല. ഇതേ തുടര്‍ന്നാണ് 19 അംഗ ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സഞ്ജു നേരത്തെ ഇമെയില്‍ അയച്ചിരുന്നതായി കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ടീം പ്രഖ്യാപിച്ചതിന് ശേഷം സഞ്ജുവുമായി കൂടുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിലിടം നേടാനുള്ള ശ്രമത്തിലായിരുന്ന സഞ്ജുവിന് വിജയ ഹസാരെ ട്രോഫിയിലെ ഈ വിട്ടുനില്‍ക്കല്‍ തിരിച്ചടിയാകും.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം സല്‍മാന്‍ നിസാറിനെയാണ് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. സഞ്ജുവിനെ കൂടാതെ സച്ചിന്‍ ബേബിയും വിഷ്ണു വിനോദും കേരള ടീമില്‍ നിന്നും പുറത്തായി. ക്രിസ്മസിന് ശേഷം ഇരുവരും ടീമിനൊപ്പം ചേര്‍ന്നേയ്ക്കും.
കേരള ടീം: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍ എം (വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്സേന, ആദിത്യ സര്‍വാതെ, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍ പി, നിധീഷ് എംഡി, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം (വിക്കറ്റ് കീപ്പര്‍).