ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ലെങ്കിലും എലൈറ്റ് പട്ടികയില്‍ സഞ്ജു, ഇത് ചരിത്രം
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങാന്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണിന് സാധിച്ചില്ല. അഞ്ച് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. പരമ്പരയില്‍ 51 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
എന്നാല്‍ പരാജയങ്ങള്‍ക്കിടയിലും ഒരു സവിശേഷ നേട്ടം സഞ്ജുവിനെ തേടിയെത്തി. ടി20യില്‍ ആദ്യ പന്തില്‍ സിക്‌സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു സ്വന്തമാക്കിയത്. രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
അഞ്ചാം ടി20യില്‍ സാക്ഷാല്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ സഞ്ജു ഇംഗ്ലണ്ടിനെതിരേയും തകര്‍ത്തടിക്കുമെന്ന് തോന്നിച്ചു. ആദ്യ ഓവറല്‍ 16 റണ്‍സും സഞ്ജു നേടി. എന്നാല്‍ രണ്ടാം ഓവറില്‍ വുഡിന് ക്യാച്ച് സമ്മാനിച്ച് മലയാളി താരം മടങ്ങുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ (54 പന്തില്‍ 135) ബലത്തില്‍ കൂറ്റന്‍ സ്‌കോര്‍ (247/9) നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 97 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, ശിവം ദുബെ, അഭിഷേക് ശര്‍മ്മ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ (55). ഈ വിജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.