രഞ്ജി ഫൈനലില്‍ സഞ്ജു കളിക്കാനെത്തുമോ, ആ രഹസ്യം പറഞ്ഞ് അസ്ഹറുദ്ദീന്‍
രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ കളിക്കാനുള്ള യോഗ്യത നേടിയ കേരള ക്രിക്കറ്റ് ടീമിന് ആശംസകളുമായി ക്രിക്കറ്റ് ലോകം ഒന്നടങ്കം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഗുജറാത്തിനെതിരായ ആവേശകരമായ സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സിന്റെ നിര്‍ണായക ലീഡ് കരസ്ഥമാക്കിയതോടെയാണ് കേരളം ഫൈനലില്‍ കടന്നത്. ഈ മാസം 26 ന് വിദര്‍ഭയ്‌ക്കെതിരെയാണ് ഫൈനല്‍ മത്സരം നടക്കുക.
കേരളത്തിന്റെ ഈ ചരിത്ര നിമിഷത്തില്‍ ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തതില്‍ ഏറെ വിഷമമുണ്ട് മുന്‍ നായകന്‍ സഞ്ജു സാംസണ്. പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായ സഞ്ജു, കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തില്‍ സന്തോഷം പങ്കുവെച്ച് സാമൂഹിക മാധ്യമങ്ങളില്‍ എത്തി.
'കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. 10 വര്‍ഷം മുന്‍പ് നമ്മള്‍ ഒരുമിച്ചിരുന്ന് കണ്ട സ്വപ്നം ഇതാ യാഥാര്‍ത്ഥ്യമാകാന്‍ ഒരു പടി മാത്രം അകലെ. ഈ കിരീടം നമ്മുടേത് മാത്രമാണ്, അത് നേടുക തന്നെ ചെയ്യും' സഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
സഞ്ജു ന്ല്‍കിയ പിന്തുണയെ കുറിച്ച് സെമിയിലെ സൂപ്പര്‍ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീന്‍ മത്സര ശേഷം മനസ് തുറന്നിരുന്നു. ടീമിന്റെ മനോവീര്യം തളര്‍ന്നപ്പോള്‍ സഞ്ജു നല്‍കിയ പ്രചോദനം വളരെ വലുതായിരുന്നു എന്നാണ് അസ്ഹര്‍ പറഞ്ഞത്.
'ഈ അവസരത്തില്‍ ഞാന്‍ സഞ്ജുവിന് നന്ദി പറയുന്നു. പരിക്കുകാരണം അവന് ടീമിനൊപ്പം ചേരാന്‍ സാധിച്ചില്ല. ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ് സഞ്ജു. ടീമിന്റെ മനോവീര്യം കുറഞ്ഞപ്പോള്‍ അവന്‍ തന്ന പ്രചോദനം വളരെ വലുതായിരുന്നു' മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു.
സഞ്ജുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ചിരുന്നെങ്കിലും പരിക്ക് മൂലം തുടര്‍ മത്സരങ്ങളില്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലും സഞ്ജുവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റ സഞ്ജുവിന്റെ ചൂണ്ടുവിരലിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതിനാല്‍ തന്നെ ഫൈനല്‍ മത്സരത്തില്‍ സഞ്ജു കളിക്കാനുള്ള സാധ്യത വിരളമാണ്. എന്നിരുന്നാലും സഞ്ജുവിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.