പിന്തുണയ്ക്കാനൊരാള്‍, സഞ്ജുവിന്റെ കരിയറിലാദ്യമാണ്, സൂര്യ, ഗംഭീര്‍ ഈ പേരുകള്‍ മറന്ന് പോകരുത്
സംഗീത് ശേഖര്‍
സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക .ആദ്യ പന്ത് മുതല്‍ തീര്‍ത്തും പോസിറ്റീവ് ആയ സമീപനമാണ്. ഇന്നിങ്‌സിന്റെ ഫ്‌ലോ നഷ്ടപ്പെടുത്തുന്നേയില്ല. സ്‌ട്രൈക്ക് റേറ്റ് എപ്പോഴും 200 നോട് അടുത്ത് സഞ്ചരിക്കുന്നു. സഞ്ജു കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നത് വ്യക്തമാണ്. വ്യക്തിഗത സ്‌കോര്‍ ഇരുപതുകളില്‍ നില്‍ക്കുമ്പോഴും തൊണ്ണൂറുകളില്‍ നില്‍ക്കുമ്പോഴും സഞ്ജു ബൗണ്ടറികള്‍ തന്നെയാണ് ലക്ഷ്യമിടുന്നത്. സെല്‍ഫ് ലസ് പ്‌ളേയര്‍. സ്വാര്‍ത്ഥതയോടെ, വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കണമായിരുന്നെങ്കില്‍ മറ്റു പലരെയും പോലെ അതയാള്‍ക്ക് ആദ്യമേ ആകാമായിരുന്നു.
ആത്മവിശ്വാസം തുളുമ്പി നില്‍ക്കുന്ന ഷോട്ടുകള്‍. ആത്മവിശ്വാസമൊരു കളിക്കാരനില്‍ കുത്തിവക്കപ്പെടുന്നത് കൃത്യമായ പിന്തുണ ലഭിക്കുമ്പോള്‍ മാത്രമാണ്. സഞ്ജുവിന് ഇപ്പോളൊരു ലൈസന്‍സുണ്ട്, ഈ ഗെയിം അയാളിഷ്ടപ്പെടുന്ന രീതിയില്‍ ആസ്വദിച്ചു കളിക്കാനുള്ള ലൈസന്‍സ്.
എതിരാളിയുടെ നിലവാരം അളക്കാന്‍ നില്‍ക്കാതെ ആക്രമിച്ചു മാത്രം കളിക്കുക എന്ന ഇന്ത്യന്‍ ടീമിന്റെ മാറിയ മനോഭാവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണീ ലൈസന്‍സ് എന്നതാണ് പ്രധാനം. ഒന്നോ രണ്ടോ പരാജയങ്ങള്‍ തന്നെ ടീമിന് പുറത്തേക്ക് നയിക്കുമെന്ന ഭയം വേണ്ടെന്ന സന്ദേശം ലഭിച്ചു കഴിഞ്ഞു. ടീം ആവശ്യപ്പെടുന്ന രീതിയില്‍ ടീമിന് വേണ്ടി കളിക്കുക, നീയിവിടെ തന്നെയുണ്ടാവും.
ആശയവിനിമയം കൃത്യമാണ്. പരാജയപ്പെടുന്ന ഘട്ടത്തിലും പിന്തുണക്കാന്‍ ആളുണ്ടെന്ന അവസ്ഥ സഞ്ജുവിന്റെ കരിയറില്‍ തന്നെ ആദ്യമാണ് എന്നോര്‍ക്കണം. ഗൗതം ഗംഭീര്‍ & സൂര്യകുമാര്‍ യാദവ്, രണ്ടു പേരുകള്‍ മറന്നു പോവരുത്. ഒരു പക്ഷെ വിസ്മൃതിയിലേക്ക് പോവുമായിരുന്ന ഒരു കരിയര്‍ പുനരുജ്ജീവിപ്പിച്ചെടുത്തതില്‍ ഇവരുടെ പങ്ക് വിസ്മരിക്കപ്പെടരുത്.
ദുലീപ് ട്രോഫിയില്‍ കളിക്കുന്ന സഞ്ജുവിനെ സമീപിച്ച് ഇന്ത്യ കളിക്കുന്ന അടുത്ത 7 കളികള്‍ നിനക്കുള്ളതാണ്, എന്ത് സംഭവിച്ചാലും എന്റെ പൂര്‍ണ പിന്തുണ നിനക്കുണ്ടാവുമെന്ന് പറയുന്ന സൂര്യകുമാര്‍ യാദവെന്ന നായകന്‍ വിസ്മയം തന്നെയാണ്. സാധാരണ കളിക്കാര്‍ പ്രതീക്ഷ അവസാനിപ്പിക്കുന്ന മുപ്പതാം വയസ്സില്‍ ഇന്ത്യന്‍ ടീമിലേക്ക് കഴിവിന്റെ ബലത്തില്‍ മാത്രം ഇടിച്ചു കയറി ടി ട്വന്റിയെന്ന ഫോര്‍മാറ്റിനെ തന്നെ ഡീ കോഡ് ചെയ്തവന് മനസ്സിലായില്ലെങ്കില്‍ പിന്നാര്‍ക്ക് മനസ്സിലാവാനാണ്. ആ ക്ലാരിറ്റി കരിയറില്‍ ആദ്യമായിട്ടാണ് സഞ്ജുവിനു ലഭിക്കുന്നതും. ശേഷം ചരിത്രമാണ്