സഞ്ജുവിന് കോടികള്‍ വാരിയെറിഞ്ഞ് രാജസ്ഥാന്‍, ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഇനി ജയ്‌സ്വാളും
ഐപിഎല്‍ താരലേലത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ആദ്യ പേരുകാരനായി തന്നെ നിലനിര്‍ത്താന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം നാല് താരങ്ങളെക്കൂടി നിലനിര്‍ത്താനാണ് രാജസ്ഥാന്‍ ടീമിന്റെ തീരുമാനം. ബംഗ്ലാദേശിനെതിരായ സെഞ്ച്വറിയുടെ തിളക്കത്തിന് പി്ന്നാലെയാണ് മാനേജുമെന്റിന്റെ ഈ തീരുമാനം.
18 കോടി രൂപ നല്‍കിയാകും സഞ്ജുവിനെ നിലനിര്‍ത്തുക. 2021 മുതല്‍ രാജസ്ഥാന്റെ നായകനായ സഞ്ജു ടീമിനെ രണ്ട് തവണ പ്ലേ ഓഫിലെത്തിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ മുഖ്യ പരിശീലകനായി തിരിച്ചെത്തുന്നതും ശ്രദ്ധേയമാണ്.
യുവതാരം യശസ്വി ജയ്‌സ്വാളിനെയും 18 കോടി രൂപയ്ക്ക് നിലനിര്‍ത്തും. ഭാവിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജയ്‌സ്വാളിനെ പരിഗണിക്കുന്നുണ്ട്.
ജോസ് ബട്‌ലര്‍ (14 കോടി), റിയാന്‍ പരാഗ് (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെയും നിലനിര്‍ത്തും. യുസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.
സൗദി അറേബ്യയില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ ആറ് താരങ്ങളെ വരെ നിലനിര്‍ത്താം. 120 കോടി രൂപയുടെ ലേല പരിധിയില്‍ 75 കോടി രൂപ വരെ ഇതിനായി ഉപയോഗിക്കാം.