നായകനായി സഞ്ജു തിരിച്ചെത്തി, പഞ്ചാബിനെതിരെ കൂറ്റന്‍ ജയവുമായി രാജസ്ഥാന്‍
മൊഹാലി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കരുത്തരായ പഞ്ചാബ് കിംഗ്‌സിനെ 50 റണ്‍സിനാണ രാജസ്ഥാന്‍ റോയല്‍സ് തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്‌സിന്റെ പോരാട്ടം 151 റണ്‍സില്‍ അവസാനിച്ചു.
നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ജോഫ്രെ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മ്മയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.
പഞ്ചാബിന് വേണ്ടി നേഹല്‍ വദ്‌ഹേര (62 റണ്‍സ്), മാക്സ്വെല്‍ (30 റണ്‍സ്) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.
നേരത്തെ ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തകര്‍പ്പന്‍ ഫോമില്‍ തിരിച്ചെത്തി. 40 പന്തില്‍ 67 റണ്‍സാണ് താരം നേടിയത്. ഇതില്‍ അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളും ഉള്‍പ്പെടുന്നു. റിയാന്‍ പരാഗ് 26 പന്തില്‍ 43 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. മൂന്ന് സിക്‌സറുകളും മൂന്ന് ഫോറുകളും അടങ്ങിയതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സില്‍ ആറ് ഫോറുകള്‍ ഉണ്ടായിരുന്നു. സമീപകാലത്ത് ഫോമില്ലായ്മയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട ജയ്‌സ്വാളിന്റെ ഈ പ്രകടനം ടീമിന് വലിയ ആശ്വാസം നല്‍കുന്നതാണ്.
ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേയ്ക്ക് മുന്നേറി. അതേസമയം, മികച്ച ഫോമില്‍ ഉണ്ടായിരുന്ന പഞ്ചാബ് കിംഗ്‌സ് ഒന്നാം സ്ഥാനത്ത് നിന്നും നാലാം സ്ഥാനത്തേയ്ക്ക് വീണു.