അറിയാതെ പറ്റിപ്പോയതാ, സിക്‌സ് മുഖത്ത് കൊണ്ട് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടിച്ച സിക്‌സര്‍ ഗാലറിയിലിരുന്ന യുവതിയുടെ മുഖത്ത് പതിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. പന്ത് മുഖത്ത് കൊണ്ട യുവതി കരയുന്നത് കണ്ട് സഞ്ജുവിനും വിഷമമായി.
ക്രീസില്‍ നിന്നു തന്നെ യുവതിയോട് മാപ്പ് പറഞ്ഞ സഞ്ജു മത്സരശേഷം യുവതിയെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സഞ്ജുവിന്റെ പവര്‍ ഷോട്ട് നിലത്ത് തട്ടിത്തെറിച്ചാണ് യുവതിയുടെ മുഖത്ത് അടിച്ചത്. വേദന കൊണ്ട് കരഞ്ഞ യുവതിയെ കണ്ട് സഞ്ജുവിന്റെ മുഖത്തും നിരാശ പ്രകടമായിരുന്നു. മത്സരശേഷം യുവതിയെ കാണാനെത്തിയ സഞ്ജുവിനെ ആരാധകര്‍ പൊതിയുന്നതും സെല്‍ഫിയെടുക്കുന്നതും വീഡിയോയില്‍ കാണാം.
ഈ സംഭവത്തിലൂടെ സഞ്ജുവിന്റെ മനസ്സിന്റെ നന്മ വീണ്ടും തെളിഞ്ഞു. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ നേടി സഞ്ജു മികച്ച ഫോമിലാണ്. ഒന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും നാലാം മത്സരത്തില്‍ വീണ്ടും സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിച്ചു.