കീപ്പിംഗ് സ്ഥാനത്ത് നിന്നും സഞ്ജുവിനെ ഡഗൗട്ടിലേക്ക് മാറ്റി, ജുറള്‍ വിക്കറ്റിന് പിന്നില്‍
വാങ്കഡെയില്‍ നടക്കുന്ന അവസാന ടി20യില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് സമയത്ത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മാറ്റം. സഞ്ജു സാംസണിന് പകരം ധ്രുവ് ജുറേല്‍ ആണ് വിക്കറ്റിന് പിന്നില്‍.
ഇന്ത്യയുടെ ഇന്നിംഗ്‌സില്‍ ഓപ്പണര്‍ ആയി ഇറങ്ങി 7 പന്തില്‍ 16 റണ്‍സ് നേടിയ സഞ്ജു, ബാറ്റിംഗിന് ശേഷം ഫീല്‍ഡിലേക്ക് തിരിച്ചെത്തിയില്ല. സഞ്ജുവിന് പരിക്കേറ്റതാകാം കാരണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്ത് സഞ്ജുവിന്റെ കൈയ്യില്‍ കൊണ്ടതാണ് പരിക്കിന് കാരണമെന്ന് കരുതപ്പെടുന്നു. ഫിസിയോ പരിശോധിച്ച ശേഷം സഞ്ജു ബാറ്റിംഗ് തുടര്‍ന്നെങ്കിലും പിന്നീട് ഫീല്‍ഡില്‍ ഇറങ്ങിയില്ല. പരിക്കിന്റെ വ്യാപ്തി ഇതുവരെ വ്യക്തമല്ല.
അതെസമയം മത്സരം ഇന്ത്യ അനായാസം ജയിച്ചു. 150 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് കേവലം 97 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.