ലോകകപ്പ് ഫൈനല്‍ ടീമില്‍ താനുണ്ടായിരുന്നു, അവസാന നിമിഷം പുറത്താക്കപ്പെട്ടു, വന്‍ വെളിപ്പെടുത്തലുമായി സഞ്ജു
ഈ വര്‍ഷത്തെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോള് അതിന്റെ നിരാശ പ്രകടിപ്പിക്കുകയാണ് താരം.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ അതേ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിഷഭ് പന്ത് ലോകകപ്പില്‍ ഇടം നേടുകയായിരുന്നു.
എന്നാല്‍ ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉറപ്പ് നല്‍കിയിരുന്നുവെന്ന് സഞ്ജു ഇപ്പോള്‍ വെളിപ്പെടുത്തുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ടോസിന് തൊട്ടുമുമ്പാണ് ടീമില്‍ മാറ്റമില്ലെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു.
'ബാര്‍ബഡോസിലെ ഫൈനലില്‍ കളിക്കാന്‍ തയ്യാറാകണമെന്ന് രോഹിത് എന്നോട് പറഞ്ഞിരുന്നു. ടോസിന് മുമ്പ് എന്നെ വിളിച്ച് രോഹിത് തന്നെയാണ് തീരുമാനം അറിയിച്ചത്. അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയും തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തു' സഞ്ജു പറഞ്ഞു.
രോഹിതിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും തന്റെ വിഷമം അദ്ദേഹത്തെ അറിയിച്ചുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
'വ്യക്തിപരമായി എന്നോടൊന്നും തോന്നരുതെന്നും രോഹിത് എന്നോട് പറഞ്ഞു. രോഹിതിനോട് താങ്കളുടെ കീഴില്‍ ഫൈനല്‍ കളിയ്ക്കാന്‍ കഴിയാത്തതിന്റെ വിഷമം മാത്രമേയുള്ളൂവെന്നും ക്യാപ്റ്റന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഞാന്‍ അന്ന് മറുപടി കൊടുത്തു. ഇത്തരം വിഷയങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാമെന്നും ഇപ്പോള്‍ മത്സരത്തില്‍ മാത്രം ശ്രദ്ധിച്ച്, വിജയം കൊണ്ടുവരൂവെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു' സഞ്ജു പറഞ്ഞുനിര്‍ത്തി.
ടി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം നേടിയത്.