നമ്മള് കണ്ട സ്വപ്‌നമാടാ അത്, കേരള ടീമിന് സര്‍പ്രൈസ് സന്ദേശവുമായി സഞ്ജു
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിനെ പ്രശംസിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. പത്ത് വര്‍ഷം മുന്‍പ് കണ്ട സ്വപ്നത്തിലേക്ക് ഇനി ഒരു ചുവട് മാത്രം ബാക്കിയെന്നും, ആ കടമ്പയും കടന്ന് കേരളം കിരീടം നേടുമെന്നും സഞ്ജു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
2019ല്‍ കേരളം രഞ്ജി ട്രോഫി സെമിയില്‍ പ്രവേശിച്ചപ്പോള്‍ ടീമിന്റെ അമരക്കാരനായിരുന്നു സഞ്ജു. എന്നാല്‍ അന്ന് വിദര്‍ഭയോട് പരാജയപ്പെട്ട് കേരളത്തിന് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നു. ഇത്തവണ പരിക്കുമൂലം നിര്‍ണായക മത്സരങ്ങളില്‍ കളിക്കാനായില്ലെങ്കിലും, കിരീട നേട്ടത്തില്‍ കുറഞ്ഞതൊന്നും സഞ്ജുവും കേരള ടീമും പ്രതീക്ഷിക്കുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ കൈവിരലിന് പരിക്കേറ്റ സഞ്ജു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ ഫൈനല്‍ മത്സരത്തിലും താരം കളിക്കില്ല. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഈ സീസണില്‍ കളിച്ച രഞ്ജി മത്സരങ്ങളിലും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കാര്യമായ പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ താരം കളിച്ചിരുന്നുമില്ല. എങ്കിലും, സഞ്ജുവിന്റെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീം കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഗുജറാത്തിനെതിരായ സെമിയില്‍ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. കിരീടം നേടിയാല്‍ 91 വര്‍ഷത്തെ രഞ്ജി ട്രോഫി ചരിത്രത്തില്‍ കേരളത്തിന്റെ ആദ്യ നേട്ടമാകും അത്.