തകര്‍ത്തടിക്കുമ്പോള്‍ സൂപ്പര്‍ മാനെന്നെല്ലാം വിളിക്കും, പുറത്താകുമ്പോള്‍ പേരുമാറ്റും, തുറന്നടിച്ച് സഞ്ജു
ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ തിരിച്ചെത്തിയ സഞ്ജു രഞ്ജി ട്രോഫി കളിക്കുന്ന കേരള ക്യാമ്പ് സന്ദര്‍ശിച്ചു. കര്‍ണാടകയ്ക്കെതിരായ രഞ്ജി മത്സരത്തിനുള്ള കേരളാ ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന് സഞ്ജു പറഞ്ഞു. 'ദക്ഷിണാഫ്രിക്കന്‍ പിച്ചുകളിലെ സമാനമായ സാഹചര്യം ഇവിടെ ഒരുക്കിയെടുക്കണം. എത്ര ഫാസ്റ്റ് ബൗളര്‍മാരെ വച്ച് പരിശീലനം നടത്തണം എന്നൊക്കെയുള്ള ചിന്തകളാണ് മനസ്സിലൂടെ പോയിക്കൊണ്ടിരിക്കുന്നത്. കൂടെ രഞ്ജി ട്രോഫിയില്‍ നന്നായി കളിക്കാനും ആഗ്രഹിക്കുന്നു' സഞ്ജു പറഞ്ഞു.
തനിക്ക് ലഭിക്കുന്ന വിശേഷണങ്ങളെക്കുറിച്ചും സഞ്ജു പ്രതികരിച്ചു. 'വിശേഷണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. സെഞ്ച്വറിയൊക്കെ നേടുമ്പോള്‍ ആളുകള്‍ സൂപ്പര്‍മാന്‍ എന്നൊക്കെ വിളിക്കും. പക്ഷേ, രണ്ട് മത്സരങ്ങളില്‍ പുറത്താകുമ്പോള്‍ വേറെ പേരും വിളിക്കും,' ചിരിയോടെ സഞ്ജു പറഞ്ഞു.
'നന്നായി കളിക്കുമ്പോള്‍ വിശേഷണങ്ങള്‍ ആസ്വദിക്കാറുണ്ട്. എന്നാല്‍ പുറത്താകുമ്പോള്‍ വിഷമം തോന്നും. ആ വിഷമത്തില്‍ നിന്ന് മോചിതനാകാന്‍ രണ്ടോ മൂന്നോ ദിവസമെടുക്കും. അതുകൊണ്ട് നല്ല നിമിഷങ്ങള്‍ മതിയാവോളം ആസ്വദിക്കുക,' സഞ്ജു കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഹെല്‍മെറ്റ് ഊരി ആഘോഷിക്കാന്‍ ഓടി വന്നതാണ് ഏറ്റവും സന്തോഷം നല്‍കിയതെന്നും സഞ്ജു പറഞ്ഞു.