സൂര്യ എന്റെ ചങ്കാണ്, ഒരിക്കലും മറക്കാനാകില്ല ആ കെട്ടിപ്പിടുത്തം, തുറന്ന് പറഞ്ഞ് സഞ്ജു
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് വെളിപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ജൂനിയര്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും ഒരേ കമ്പനിക്കു വേണ്ടിയും ബിപിസിഎല്ലിലും ഇന്ത്യ എ ടീമിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. സൂര്യയുടെ വളര്‍ച്ചയ്ക്ക് താന്‍ നേരിട്ട് സാക്ഷിയായിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.
സൂര്യയുടെ ഏറ്റവും വലിയ ഗുണമായി സഞ്ജു കാണുന്നത് ആശയവിനിമയത്തിനുള്ള കഴിവാണ്. കാര്യങ്ങള്‍ തുറന്നു പറയുന്ന സൂര്യ ടീമിലെ എല്ലാ കളിക്കാര്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഇത് ഡ്രസ്സിംഗ് റൂമില്‍ പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കുന്നു.
എല്ലാ കളിക്കാരെയും എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് സൂര്യ. ഈ പിന്തുണ കളിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ടീമിന്റെ മികച്ച പ്രകടനത്തിന് സഹായിക്കുകയും ചെയ്യുന്നു.
ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ സൂര്യ തന്നെ പ്രോത്സാഹിപ്പിച്ചതിനെക്കുറിച്ചും സഞ്ജു പറഞ്ഞു. സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സൂര്യ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. സെഞ്ച്വറി നേടിയ ശേഷം സൂര്യ ആവേശത്തോടെ ഓടി വന്ന് തന്നെ ആലിംഗനം ചെയ്തത് മറക്കാനാവില്ലെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഒരു ക്യാപ്റ്റന്റെ പിന്തുണ കളിക്കാരന് എത്രത്തോളം പ്രധാനമാണെന്ന് സഞ്ജുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.