സ്പിന്നും പേസും ഒരുപോലെ തൂക്കും, സഞ്ജുവിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്താന്‍ മുറവിളി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20യിലെ തകര്‍പ്പന്‍ സെഞ്ച്വറിയോടെ സഞ്ജു സാംസണ്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനു ശേഷവും അന്താരാഷ്ട്ര ടീമില്‍ അവസരം ലഭിക്കാന്‍ വൈകിയതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സഞ്ജുവിന് ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിലും അവസരം നല്‍കണമെന്ന ആവശ്യം ആണ് ശക്തമായി ഉയരുന്നത്.
സ്പിന്നിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനു കഴിയുമെന്നും അതിനാല്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്നുമാണ് ആരാധകരും മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ദേശീയ സെലക്ടര്‍മാര്‍ തന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് സഞ്ജു ഈയിടെ വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റ് ക്യാപ് ലഭിക്കാന്‍ ആഭ്യന്തര റെഡ് ബോള്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കണമെന്നാണ് സെലക്ടര്‍മാരുടെ നിര്‍ദ്ദേശം.
കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, ടി20യിലും തുടര്‍ച്ചയായ സെഞ്ച്വറികള്‍ നേടി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 47 പന്തില്‍ സെഞ്ച്വറി നേടിയ സഞ്ജു, ഇന്ത്യന്‍ താരത്തിന്റെ അതിവേഗ ടി20 സെഞ്ച്വറി എന്ന റെക്കോര്‍ഡും സ്വന്തമാക്കി.
സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ ഒരു ടി20 മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡും സഞ്ജുവിന്റെ പേരിലാണ്.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നിനു മുന്നില്‍ പതറിയതിനു പിന്നാലെയാണ് സഞ്ജുവിനെ ടെസ്റ്റ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമാകുന്നത്. സ്പിന്നിനെതിരെയുള്ള മികവ് ടെസ്റ്റ് ടീമിലേക്കുള്ള വാതില്‍ സഞ്ജുവിന് തുറന്നു കൊടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.