For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

ആരാധകർക്ക് ആവേശവാർത്ത, ഇനി ക്യാപ്റ്റൻ സഞ്ജു; ആ നിർണായക പ്രഖ്യാപനം വന്നു

08:02 PM Nov 19, 2024 IST | Fahad Abdul Khader
UpdateAt: 08:05 PM Nov 19, 2024 IST
ആരാധകർക്ക് ആവേശവാർത്ത  ഇനി ക്യാപ്റ്റൻ സഞ്ജു  ആ നിർണായക പ്രഖ്യാപനം വന്നു

സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ തകർപ്പൻ ഫോമിൽ കളിച്ച സഞ്ജു സാംസണ് നാട്ടിലെത്തിയാലും വിശ്രമിക്കാനുള്ള സമയമായിട്ടില്ല. നവംബർ 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരള ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ തിരഞ്ഞെടുത്തു. വിഷ്ണു വിനോദ്, ബേസിൽ തമ്പി എന്നിവരടങ്ങുന്ന 18 അംഗ ടീമിൽ കേരളത്തിന്റെ രഞ്ജി ട്രോഫി ക്യാപ്റ്റൻ സച്ചിൻ ബേബിയും ഉൾപ്പെടുന്നു. ടീമിലെ ഏക അതിഥി താരം പരിചയസമ്പന്നനായ ഓൾ റൗണ്ടർ ജലജ് സക്സേനയാണ്.

ഈ മാസം 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ മത്സരം സർവീസസിനെതിരെയാണ്. ഗ്രൂപ്പ് ഇയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. സർവീസസിന് പുറമെ മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാപ്രദേശ് തുടങ്ങിയ ശക്തരായ ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. നാഗാലാൻഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Advertisement

ജനുവരിയിൽ സഞ്ജുവിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്തണം

ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര ടി20 മത്സരങ്ങൾ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ്. അതിനു മുന്നോടിയായി മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവച്ച് ഫോം നിലനിർത്താനാണ് സഞ്ജു ലക്ഷ്യമിടുന്നത്.

ടി20 ഫോർമാറ്റിൽ സഞ്ജു സ്വപ്നസമാനമായ ഫോമിലാണ്. അവസാനമായി നടന്ന അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളാണ് താരം അടിച്ചുകൂട്ടിയത്. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ആദ്യ സെഞ്ച്വറി. തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികൾ കൂടി സഞ്ജു നേടി. ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ മൂന്ന് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ താരമായും ഇതോടെ സഞ്ജു മാറി.
ടി20യിൽ മൂന്ന് സെഞ്ച്വറികൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും സഞ്ജുവാണ്.

Advertisement

ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും സഞ്ജുവാണ്. ടി20യിൽ ഇന്ത്യക്കായി മൂന്ന് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരം കൂടിയാണ് സഞ്ജു. രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (4) എന്നിവർ മാത്രമാണ് സെഞ്ചുറി കണക്കിൽ സഞ്ജുവിന് മുന്നിലുള്ളത്.

കേരള ക്രിക്കറ്റ് ആരാധകർക്ക് ആവേശമായിരിക്കും സഞ്ജുവിന്റെ ഈ മടങ്ങിവരവ്. മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ മികച്ച പ്രകടനത്തിന് താരം നേതൃത്വം നൽകുമെന്ന് പ്രതീക്ഷിക്കാം..

Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം

സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൽ ബാസിത്ത്, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി

Advertisement