ആ ഇതിഹാസത്തെ നേരിടണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷെ ഇതുവരെ സാധിച്ചിട്ടില്ല, തുറന്ന് പറഞ്ഞ് സഞ്ജു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന് ഇപ്പോള്‍ ഏറ്റവും മികച്ച സമയമാണ്. അവസാന ടി20യില്‍ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. 47 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയ സഞ്ജുവിന് ടെസ്റ്റ് ടീമിലേക്ക വരെ വാതില്‍ തുറന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ മുന്‍ ബൗളര്‍മാരില്‍ ഒരാളെ നേരിടാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആര്‍ക്കെതിരെയാണ് കളിക്കാന്‍ ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ നേരിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സഞ്ജു പയുന്നത്.. പ്രമുഖ കായിക മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
'മുത്തയ്യ മുരളീധരനെതിരെ കളിക്കാനാണ് എന്റെ ആഗ്രഹം,' സഞ്ജു പറഞ്ഞു. 'ക്രിക്കറ്റിനായി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഷെയ്ന്‍ വോണിനെ നെറ്റ്‌സില്‍ വച്ച് നേരിടാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്, പക്ഷേ മുരളിയെ ഇതുവരെ നേരിട്ടിട്ടില്ല' സഞ്ജു പറഞ്ഞു.
സ്പിന്‍ ബൗളിംഗിലെ ഇതിഹാസമായ മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റുകളും ഏകദിനത്തില്‍ 534 വിക്കറ്റുകളും നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ പോലും ഭയം ജനിപ്പിച്ചിരുന്ന ബൗളറാണ് മുരളീധരന്‍.
അഭിമുഖത്തില്‍, ഏത് ബൗളറുടെ സ്ലെഡ്ജിങ്ങാണ് തന്നെ ചിരിപ്പിച്ചതെന്നും സഞ്ജു വെളിപ്പെടുത്തി. ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ പ്രവീണ്‍ കുമാറിന്റെ സ്ലെഡ്ജിങ്ങാണ് തന്നെ ഏറ്റവും ചിരിപ്പിച്ചതെന്ന് സഞ്ജു പറഞ്ഞു.
'2013ല്‍ ഞാന്‍ ആദ്യമായി ഐപിഎല്ലില്‍ കളിച്ചപ്പോഴാണ് ഈ സംഭവം. എനിക്കെതിരെ പന്തെറിയുമ്പോള്‍ പ്രവീണ്‍ കുമാര്‍ വളരെ ദേഷ്യത്തിലായിരുന്നു. സ്ലെഡ്ജ് ചെയ്തുകൊണ്ട് എന്തോ പറഞ്ഞു. പക്ഷേ എനിക്ക് ചിരിയാണ് വന്നത്. 'നീയെന്താടാ ചിരിക്കുന്നത്' എന്ന് പ്രവീണ്‍ ഭായി ദേഷ്യത്തോടെ ചോദിച്ചപ്പോള്‍ എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല,' സഞ്ജു പറഞ്ഞു.