അവരുണ്ടെങ്കില്‍ ഏത് തകര്‍ച്ചയില്‍ നിന്നും കരകയറാനാകും, തുറന്നടിച്ച് സഞ്ജു
തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ച്വറി നേട്ടത്തിനു ശേഷം തന്റെ കരിയറിലെ വഴിത്തിരിവിനെ കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ തുറന്നു പറഞ്ഞു. സൂര്യകുമാര്‍ യാദവിനെ പോലൊരു ക്യാപ്റ്റനും ഗൗതം ഗംഭീറിനെയും വി വി എസ് ലക്ഷ്മണിനെയും പോലുള്ള പരിശീലകരും ഉണ്ടെങ്കില്‍ ഏത് തകര്‍ച്ചയില്‍ നിന്നും കരകയറാമെന്നാണ് സഞ്ജുവിന്റെ അഭിപ്രായം.
'ഒരാളുടെ പരാജയങ്ങളില്‍ അയാളുമായി ആശയവിനിമയം നടത്തുന്നത് വളരെ പ്രധാനമാണ്. മോശം സാഹചര്യങ്ങളിലൂടെ എല്ലാവരും കടന്നുപോകും. ശ്രീലങ്കയില്‍ തുടര്‍ച്ചയായ രണ്ട് തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ഗംഭീറും സൂര്യയും എന്നെ നിരന്തരം ഫോണില്‍ വിളിച്ചു. എങ്ങനെയാണ് പരിശീലനം നടത്തേണ്ടതെന്ന് പറഞ്ഞുതന്നു,' സഞ്ജു പറഞ്ഞു.
'ദുലീപ് ട്രോഫിയില്‍ രണ്ടാമത്തെ മത്സരം കളിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് എന്റെ എതിര്‍ ടീമിലായിരുന്നു. 'ചേട്ടാ, അടുത്ത ഏഴ് മത്സരങ്ങളില്‍ ഓപ്പണിംഗ് ബാറ്ററായി നീ കളിക്കും. എന്ത് സംഭവിച്ചാലും എന്റെ പിന്തുണ നിനക്കുണ്ടാകും,' എന്ന് സൂര്യ പറഞ്ഞു,' സഞ്ജു വെളിപ്പെടുത്തി.
'ദുലീപ് ട്രോഫിയിലെ മത്സരത്തിനു ശേഷമാണ് എനിക്ക് കൂടുതല്‍ വ്യക്തത ലഭിച്ചത്. ഏഴ് മത്സരങ്ങള്‍ വരുന്നുണ്ടെന്നും മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് ഇതെന്നും ഞാന്‍ മനസ്സിലാക്കി. ക്യാപ്റ്റനില്‍ നിന്നുള്ള വാക്കുകള്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നു,' സഞ്ജു കൂട്ടിച്ചേര്‍ത്തു.
സൂര്യകുമാര്‍ യാദവിന്റെയും ഗൗതം ഗംഭീറിന്റെയും പിന്തുണയാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് പിന്നിലെന്ന് വ്യക്തം.