വിശ്രമം പോലും ഒഴിവാക്കി സഞ്ജു രഞ്ജി കളിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്, കൈയ്യടിക്കടാ
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയ സഞ്ജു സാംസണ്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. ഊഷ്മള സ്വീകരണമാണ് സഞ്ജുവിന് കേരളത്തില്‍ ലഭിച്ചത്. ഇതിന് പിന്നാലെ സഞ്ജു ഉടന്‍ തന്നെ രഞ്ജി കളിക്കുമെന്ന പ്രഖ്യാപനവും പുറത്ത് വന്നു.
മറ്റന്നാള്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിനായാണ് സഞ്ജു തയ്യാറെടുക്കുന്നത്്. ഇതിന് പിന്നിലെ രഹസ്യം സഞ്ജു വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നതാണ് തന്റെ എക്കാലത്തേയും വലിയ ആഗ്രഹമെന്നും അതിനായാണ് താന്‍ രഞ്ജിയില്‍ സജീവമാകുന്നത് എന്നുമാണ് സഞ്ജു പറഞ്ഞത്.
ബംഗ്ലാദേശിനെതിരെ മൂന്ന് ആഴ്ച മുന്‍പേ തന്നെ ടീമില്‍ ഇടം നേടുമെന്നും മൂന്ന് മത്സരങ്ങളിലും ഓപ്പണിംഗ് ചെയ്യുമെന്നും അറിയിപ്പ് ലഭിച്ചിരുന്നതായി സഞ്ജു പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ലഭിച്ച ഒരു മാസത്തെ ഇടവേളയില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചതായി സഞ്ജു വ്യക്തമാക്കി.
ദുലീപ് ട്രോഫിയില്‍ നേടിയ സെഞ്ച്വറി ആത്മവിശ്വാസം വര്‍ധിപ്പിച്ചെങ്കിലും വെള്ള പന്തില്‍ നിന്ന് ചുവന്ന പന്തിലേക്കുള്ള മാറ്റം വെല്ലുവിളിയായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം നാല് ദിവസത്തെ പരിശീലനവും ബംഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തിന് സഹായകമായെന്ന് സഞ്ജു പറഞ്ഞു.
ഭാവിയില്‍ ഓപ്പണറായി തുടരുമോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ സഞ്ജു തയ്യാറായില്ല. ഏത് ബാറ്റിംഗ് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്നും ടീമിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സഞ്ജു വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലും കളിക്കാനുള്ള ആഗ്രഹം സഞ്ജു പങ്കുവെച്ചു.
ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഹെല്‍മെറ്റ് ഊരി ആഘോഷിക്കാന്‍ ഓടി വന്ന നിമിഷമാണ് ഏറ്റവും സന്തോഷം നല്‍കിയതെന്ന് സഞ്ജു പറഞ്ഞു. ക്യാപ്റ്റന്റെ ഇത്തരം പിന്തുണ കളിക്കാരന് വലിയ ഊര്‍ജ്ജം പകരുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.