സഞ്ജുവും കേരളം വിടുന്നു?, മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ നീക്കം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായ മലയാളി താരം സഞ്ജു സാംസണ്‍ കേരള ടീം വിട്ട് തമിഴ്നാട്ടിലേക്ക് ചേക്കേറുമെന്ന് രിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാട് ടീമിനായി കളിക്കാനാണ് സഞ്ജുവിന്റെ പദ്ധതിയെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഒഴിവാക്കിയതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. വയനാട്ടില്‍ നടന്ന ടീം ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതാണ് സഞ്ജുവിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് കെസിഎയുടെ വിശദീകരണം.
'ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടാകില്ല, ഐപിഎല്ലിലും 'പൊട്ടും'! സഞ്ജുവിനെ കാത്ത് തിരിച്ചടികളോ?' എന്ന തലക്കെട്ടോടെ സെര്‍ജിയോ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവന്നത്. സഞ്ജുവിന്റെ ആരാധകരെ മാത്രമല്ല, മലയാളികളെയും ഞെട്ടിച്ച വാര്‍ത്തയാണിത്.
എന്നാല്‍, സഞ്ജു കേരള ടീം വിടുമെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നാണ് സൂചന. താന്‍ കളിക്കുന്ന ഫ്രാഞ്ചൈസിയോടും സംസ്ഥാനത്തോടും രാജ്യത്തോടുമെല്ലാം വളരെയധികം കൂറ് പുലര്‍ത്തുന്ന താരമാണ് സഞ്ജു. അതിനാല്‍ തമിഴ്നാട് അടക്കമുള്ള മറ്റ് ടീമുകളില്‍ നിന്ന് ഓഫര്‍ ലഭിച്ചാലും അദ്ദേഹം അത് നിരസിക്കുമെന്നാണ് ഭൂരിഭാഗം ആരാധകരും കരുതുന്നത്.
നേരത്തെ ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണന നേരിട്ടപ്പോള്‍ അയര്‍ലന്‍ഡ് ടീമില്‍ ചേരാനുള്ള ഓഫര്‍ സഞ്ജു നിരസിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈയും ചെന്നൈയും അടക്കമുളള മറ്റ് ടീമുകളില്‍ നിന്നുള്ള ഓഫറുകള്‍ നിരസിച്ച് രാജസ്ഥാന്‍ റോയല്‍സില്‍ തുടരാനും സഞ്ജു തീരുമാനിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങളില്‍ കേരളത്തിനായി കളിക്കാന്‍ തയ്യാറാണെന്ന് സഞ്ജു അറിയിച്ചിട്ടുണ്ടെന്നാണ് കെസിഎ വ്യക്തമാക്കിയിട്ടുള്ളത്.