ചരിത്രപരമായ മണ്ടത്തരം ചെയ്യാന്‍ സഞ്ജു, ഐപിഎല്ലില്‍ കീപ്പിംഗ് ഉപേക്ഷിക്കുന്നു
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ വിക്കറ്റ് കീപ്പിംഗ് ചുമതലകള്‍ ഉപേക്ഷിച്ചേക്കും. 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ സഞ്ജു, ഫീല്‍ഡറായി കളിക്കുന്നതിനെക്കുറിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ആലോചിക്കുന്നത്. സഞ്ജുവിന് പകരം യുവതാരം ധ്രുവ് ജുറേലിന് വിക്കറ്റ് കീപ്പിംഗ് ചുമതല കൈമാറിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇന്ത്യയുടെ രണ്ടാം നിര ടെസ്റ്റ് വിക്കറ്റ് കീപ്പറായി ഉയര്‍ന്നുവന്നതിനുശേഷം, വിക്കറ്റ് കീപ്പിംഗ് തുടരാനുള്ള ജുറേലിന്റെ ആഗ്രഹം സഞ്ജു കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഈ വിഷയത്തില്‍ ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നതായും സഞ്ജു പറഞ്ഞു.
എന്നിരുന്നാലും, വിക്കറ്റ് കീപ്പിംഗ് ചുമതല ഇരുവരും പങ്കിട്ടേക്കാമെന്നും സഞ്ജു സൂചിപ്പിച്ചു. എബി ഡിവില്ലിയേഴ്സിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
'ധ്രുവിന്റെ കരിയറിലെ ഈ ഘട്ടത്തില്‍, ഒരു ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ഐപിഎല്ലില്‍ ഗ്ലൗസ് ധരിക്കേണ്ടതുണ്ട്. അതായിരുന്നു ഞങ്ങളുടെ ചര്‍ച്ച. ഞങ്ങള്‍ ഗ്ലൗസ് പങ്കിടാനാകുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഒരിക്കലും ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍സി ചെയ്തിട്ടില്ല. അത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഞാന്‍ ധ്രുവിനോട് പറഞ്ഞു, 'നിങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്ക് മനസ്സിലാകും, ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു നിങ്ങള്‍ കുറച്ച് മത്സരങ്ങളില്‍ കീപ്പിംഗ് ചെയ്യണം.' നമ്മള്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം, പക്ഷേ ടീമിന് മുമ്പില്‍ ഒന്നും വരരുത്. ടീം ആദ്യം വരണം' സഞ്ജു പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലാണ് ജുറേല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഋഷഭ് പന്ത് തിരിച്ചെത്തിയതോടെ ജുറേലിന് സ്ഥാനം നഷ്ടമായി. പെര്‍ത്തില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പന്തും ജുറേലും കളിച്ചു, പക്ഷേ അഡ്ലെയ്ഡിലും ബ്രിസ്ബേനിലും നടന്ന മത്സരങ്ങളില്‍ ജുറേല്‍ പുറത്തിരുന്നു. പന്തിന് പരിക്കേറ്റില്ലെങ്കില്‍ പരമ്പരയില്‍ ജുറേല്‍ ഇനി കളിക്കാന്‍ സാധ്യതയില്ല.
രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ 2025 സ്‌ക്വാഡ്: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ്മ, ജോഫ്ര ആര്‍ച്ചര്‍ (12.50 കോടി രൂപ), മഹേഷ് തീക്ഷണ (4.4 കോടി രൂപ), വാനിന്ദു ഹസരങ്ക (5.25 കോടി രൂപ), ആകാശ് മധ്വാള്‍ (1.20 കോടി രൂപ), കുമാര്‍ കാര്‍ത്തികേയ (30 ലക്ഷം രൂപ), നിതീഷ് റാണ (4.20 കോടി രൂപ), തുഷാര്‍ ദേശ്പാണ്ഡെ (6.50 കോടി രൂപ), ശുഭം ദുബെ (80 ലക്ഷം രൂപ), യുധ്വീര്‍ സിംഗ് (35 ലക്ഷം രൂപ), ഫസല്‍ഹഖ് ഫാറൂഖി (2 കോടി രൂപ), വൈഭവ് സൂര്യവംശി (1.10 കോടി രൂപ), ക്വെന മാഫാക്ക (1.50 കോടി രൂപ), കുനാല്‍ റാത്തോഡ് (30 ലക്ഷം രൂപ), അശോക് ശര്‍മ്മ (30 ലക്ഷം രൂപ).