രഞ്ജി ട്രോഫി, കേരള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്
രഞ്ജി ട്രോഫിയ്ക്കായി ഒരുങ്ങുന്ന കേരള ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്. തന്റെ കീഴ്ച്ചുണ്ടിലെ മ്യൂക്കസ് സിസ്റ്റിന് ചികിത്സ തേടാന്‍ സഞ്ജു തീരുമാനിച്ചതോടെയാണ് ഈ ശനിയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ മൂന്നാം റൗണ്ട് മത്സരത്തിനുളള കേരള ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത്.
നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഇന്ത്യയുടെ ടി20 പര്യടനത്തിന് പൂര്‍ണമായി തയ്യാറെടുക്കുന്നതിനാണ് സഞ്ജു ചികിത്സ തേടുന്നത്. സഞ്ജുവിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുതിയ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി പരിഗണിക്കുന്നതായി സൂചനയുണ്ട്.
രണ്ടാഴ്ച മുമ്പ് ബംഗ്ലാദേശിനെതിരെ നടന്ന ടി20യില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു ടീം മാനേജ്‌മെന്റിന്റെ വിശ്വാസം നേടിയെടുത്തത്. ഈ പ്രകടനത്തിന് ശേഷം കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനായി കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നു. എന്നാല്‍ മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെട്ടു.
ഗ്രൂപ്പ് സി പട്ടികയില്‍ ഒരു ജയവും ഒരു സമനിലയുമായി രണ്ടാം സ്ഥാനത്താണ് കേരളം. ഒക്ടോബര്‍ 26 മുതല്‍ 29 വരെ കൊല്‍ക്കത്തയില്‍ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ സഞ്ജു കളിക്കില്ലെന്ന് കെസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിലെ ടി20 പരമ്പരയ്ക്ക് സഞ്ജുവിനെ തിരഞ്ഞെടുത്താല്‍, ഉത്തര്‍പ്രദേശിനെതിരെയും (നവംബര്‍ 6-9) ഹരിയാനയ്ക്കെതിരെയും (നവംബര്‍ 13-16) ഉള്ള മത്സരങ്ങളിലും സഞ്ജു കളിക്കില്ല.