രോഹിത്തിന്റെ എക്കാലത്തേയും ചരിത്ര റെക്കോര്‍ഡും തകര്‍ത്തു, സഞ്ജു ഹീറോയിസം പ്രകമ്പനം തീര്‍ക്കുന്നു
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20യില്‍ ബംഗ്ലാദേശിനെ നാണംകെട്ട രീതിയില്‍ തകര്‍ത്തുകൊണ്ട് വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടിയിരിക്കുകയാണല്ലോ. ശനിയാഴ്ച ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍, സാംസണ്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് മേല്‍ അശനിപാതം പോലെ പതിച്ചപ്പോള്‍ വെറും 47 പന്തില്‍ നിന്ന് 111 റണ്‍സ് ആണ് അടിച്ചെടുത്തത്.
ഇതോടെ 20 ഓവറില്‍ ഇന്ത്യ 297/6 എന്ന ഭീമമായ സ്‌കോര്‍ നേടി. പിന്നീട്, ആതിഥേയര്‍ ബംഗ്ലാദേശിനെ 164/7 ല്‍ ഒതുക്കി പരമ്പര 3-0 ന് തൂത്തുവാരി. 40 പന്തില്‍ സെഞ്ച്വറി നേടിയ സാംസണ്‍, രോഹിത് ശര്‍മ്മയ്ക്ക് (35 പന്തുകള്‍) ശേഷം ടി20യില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വേഗതയേറിയ ഇന്ത്യന്‍ താരമായി.
ഇതിനുപുറമെ, സാംസണ്‍ മറ്റൊരു വലിയ നേട്ടവും സ്വന്തമാക്കി. തന്റെ ചരിത്ര സെഞ്ച്വറിയിലേക്ക് എത്തുന്നതിനിടയില്‍, വെറും 22 പന്തില്‍ അദ്ദേഹം അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ, ബംഗ്ലാദേശിനെതിരെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗതയേറിയ ടി20 അര്‍ദ്ധ സെഞ്ച്വറി എന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തമാക്കി.
2019 ല്‍ ഒരു ടി20 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അര്‍ദ്ധ സെഞ്ച്വറി നേടാന്‍ 23 പന്തുകള്‍ എടുത്ത രോഹിത് പട്ടികയില്‍ രണ്ടാമതാണ്.
ടി20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനുമായി സാംസണ്‍ മാറിയിരുന്നു. ഇതോടെ ടി20യില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായി സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനെ സഹായിച്ചേക്കാം. 33 ടി20 മത്സരങ്ങളില്‍ നിന്ന് 29 ഇന്നിംഗ്‌സുകളില്‍ നിന്ന്, ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെ 22.84 ശരാശരിയില്‍ 594 റണ്‍സ് ആണ് സഞ്ജു നേടിയിട്ടുളളത്്.