For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

സാക്ഷാല്‍ ഗവാസ്‌ക്കര്‍ അലറിവിളിച്ചു, ഇതിന് സാക്ഷിയാകാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്

08:24 AM Oct 13, 2024 IST | admin
UpdateAt: 08:24 AM Oct 13, 2024 IST
സാക്ഷാല്‍ ഗവാസ്‌ക്കര്‍ അലറിവിളിച്ചു  ഇതിന് സാക്ഷിയാകാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്

സന്ദീപ് ദാസ്

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ക്രിക്കിന്‍ഫോയില്‍ ബംഗ്ലാദേശ് ലെഗ്‌സ്പിന്നര്‍ റിഷാദ് ഹൊസെയ്‌നെക്കുറിച്ച് ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. അതിലെ ചില വരികള്‍ ഇങ്ങനെയായിരുന്നു-

Advertisement

''ബംഗ്ലാദേശ് പരിശീലകനായ ഹതുരുസിംഗെയും നായകനായ ഷാന്തോയും ചേര്‍ന്ന് റിഷാദിനുചുറ്റും ഒരു സംരക്ഷണ കവചം തീര്‍ത്തിരിക്കുന്നു. അവര്‍ റിഷാദിനെക്കൊണ്ട് ഡെത്ത് ഓവറുകള്‍ എറിയിക്കുന്നില്ല. റിഷാദിനെ ആക്രമിക്കാനുള്ള അവസരം മാദ്ധ്യമങ്ങള്‍ക്ക് കിട്ടുന്നില്ല. ഒരു ബംഗ്ലാദേശ് ക്രിക്കറ്റര്‍ക്ക് ഇത്തരമൊരു പ്രിവിലേജ് സാധാരണ ലഭിക്കാറില്ല…!''

റിസ്റ്റ് സ്പിന്‍ എന്ന കലയെക്കുറിച്ച് ബംഗ്ലാദേശിന് വലിയ ധാരണയില്ല. ലോകം അറിയുന്ന ഒരു ലെഗ്‌സ്പിന്നര്‍ പോലും ആ മണ്ണില്‍ നിന്ന് ഉദയം ചെയ്തിരുന്നില്ല. അവര്‍ക്ക് ലഭിച്ച നിധിയായിരുന്നു റിഷാദ് ഹൊസൈന്‍! അതുകൊണ്ടാണ് ബംഗ്ലാദേശ് റിഷാദിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത്!

Advertisement

അതിനുള്ള ഫലവും ബംഗ്ലാദേശിന് ലഭിച്ചിരുന്നു. കരീബിയന്‍ മണ്ണില്‍ നടന്ന ടി-20 ലോകകപ്പില്‍ റിഷാദ് എതിര്‍ടീമിലെ ബാറ്റര്‍മാരെ വട്ടംകറക്കി. എന്നാല്‍ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍വെച്ച് റിഷാദ് അപമാനിതനായി! അയാള്‍ ഒരു ക്ലബ്ബ് ബോളറെപ്പോലെ തോന്നിച്ചു! അത് റിഷാദിന്റെ തെറ്റായിരുന്നില്ല. ഫോമിലുള്ള സഞ്ജു സാംസനോട് ഏറ്റുമുട്ടിയാല്‍ വേറെ എന്താണ് സംഭവിക്കുക?

റിഷാദ് സഞ്ജുവിനെതിരെ നാല് പന്തുകള്‍ എറിഞ്ഞു. അവയെല്ലാം സൈറ്റ് സ്‌ക്രീനിന്റെ സമീപത്തേയ്ക്ക് പറന്നു! അതോടെ റിഷാദ് റൗണ്ട് ദ വിക്കറ്റ് ശൈലിയിലേയ്ക്ക് കൂടുമാറി. മിഡ്-വിക്കറ്റ് ബൗണ്ടറിയ്ക്ക് കാവലും ഉണ്ടായിരുന്നു. പക്ഷേ അതും സിക്‌സറായി!
ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സറുകള്‍! അതിനുപിന്നാലെ 40 ബോളുകളില്‍നിന്ന് സെഞ്ച്വറി

Advertisement

സഞ്ജുവിന്റെ ഏറ്റവും വലിയ വിമര്‍ശകനായ സുനില്‍ ഗാവസ്‌കര്‍ കമന്ററി ബോക്‌സിലൂടെ ഉരുവിട്ടു-
''എന്തൊരു ഹിറ്റിങ്ങാണിത്! ഇതിന് സാക്ഷിയാകാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്…''
റിഷാദിനെതിരെയും മുസ്താഫിസുര്‍ റഹ്മാനെതിരെയും സഞ്ജു പായിച്ച ബാക്ക്ഫൂട്ട് ലോഫ്റ്റഡ് കവര്‍ ഡ്രൈവുകള്‍ കണ്ട് തമീം ഇഖ്ബാല്‍ അതിശയിച്ചിരുന്നു! ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന തമീം അഭിപ്രായപ്പെട്ടു-
''പാവം ബോളര്‍മാരോട് ഇങ്ങനെയൊന്നും ചെയ്യരുത് സഞ്ജൂ….!''

സഞ്ജുവിനെ സ്‌നേഹിക്കുന്നവര്‍ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്. സഞ്ജുവിന് തുടര്‍ച്ചയായ അവസരങ്ങളും ടീം മാനേജ്‌മെന്റിന്റെ പിന്തുണയും ആണ് വേണ്ടത്. അത് ലഭിച്ചാല്‍ അയാളെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ സഞ്ജു വിരോധികള്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല. അവര്‍ സഞ്ജുവിനെ ഇരട്ടപ്പേരുകള്‍ വിളിച്ച് സായൂജ്യമടഞ്ഞു. സഞ്ജുവിനെ നെഞ്ചിലേറ്റിയവര്‍ 'കേരനിര ഫാന്‍സ് ' എന്ന് പരിഹസിക്കപ്പെട്ടു.

ബംഗ്ലാദേശുമായിട്ടുള്ള ടി-20 സീരീസ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ നായകനായ സൂര്യകുമാര്‍ യാദവ് കൈക്കൊണ്ട സമീപനം നോക്കുക. മൂന്ന് മത്സരങ്ങളിലും സഞ്ജു ഓപ്പണ്‍ ചെയ്യുമെന്ന് ആദ്യമേ തന്നെ സൂര്യ പറഞ്ഞിരുന്നു. രണ്ടാമത്തെ ടി-20യില്‍ സഞ്ജു പരാജയപ്പെട്ടപ്പോഴേയ്ക്കും വിമര്‍ശകര്‍ ഉറഞ്ഞുതുള്ളി. പക്ഷേ സഞ്ജുവിന് ടീമിന്റെ പരിപൂര്‍ണ്ണമായ പിന്തുണയുണ്ടെന്ന് അസിസ്റ്റന്റ് കോച്ചായ ഡൊസ്‌ചേറ്റ് വ്യക്തമാക്കി.

അത്രയേ സഞ്ജുവിന് വേണ്ടിയിരുന്നുള്ളൂ. മൂന്നാമത്തെ മത്സരത്തില്‍ അയാള്‍ ബംഗ്ലാ കടുവകളെ അഗ്‌നിക്കിരയാക്കി!
ഋഷഭ് പന്തിന് കഴിവു തെളിയിക്കാന്‍ 76 ടി-20 മത്സരങ്ങള്‍ നല്‍കിയ രാജ്യമാണിത്. ഇന്നേവരെ ഋഷഭ് ഒരു അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടിയിട്ടില്ല. വെറും മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം കിട്ടിയപ്പോള്‍ സഞ്ജു അത് സാധിച്ചെടുത്തു.
ഋഷഭിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. പക്ഷേ സഞ്ജു നേരിട്ട അനീതി എന്താണെന്ന് ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയണം.

ഹൈദരാബാദിന്റെ ആദ്യത്തെ ക്രിക്കറ്റിങ്ങ് സൂപ്പര്‍ ഹീറോ എം.എല്‍ ജയസിംഹെ ആയിരുന്നു. അദ്ദേഹത്തിന്റെ ഫ്‌ലിക്കുകള്‍ ലോക പ്രശസ്തമായിരുന്നു. മൊഹമ്മദ് അസറുദ്ദീനും വി.വി.എസ് ലക്ഷ്മണും പിന്തുടര്‍ന്നത് ജയസിംഹെയുടെ പാതയായിരുന്നു.
അങ്ങനെയുള്ള ജയസിംഹെയുടെ നാട്ടില്‍ വെച്ച് ഒരു മലയാളി തകര്‍ത്താടുന്നു! നമ്മളിലൊരുവനായ സഞ്ജുവിന്റെ കരിസ്മ ഹൈദരാബാദിനെ പുല്‍കുന്നു! തസ്‌കിന്‍ അഹമ്മദിനെതിരെ സഞ്ജു പുറത്തെടുത്ത രണ്ട് ഫ്‌ലിക്കുകള്‍ ആരെല്ലാം മറന്നാലും ഹൈദരാബാദ് നഗരം മറക്കില്ല ! എന്തൊരഭിമാനം

ടച്ച് ഷോട്ടുകള്‍ക്കൊപ്പം സഞ്ജുവിന്റെ കരുത്തിന്റെ പ്രദര്‍ശനവും നാം കണ്ടു. തമീം ഇഖ്ബാലിനെ അതിശയിപ്പിച്ച മസില്‍ പവര്‍! മകന് സാംസണ്‍ എന്ന് പേര് നല്‍കിയ സഞ്ജുവിന്റെ പിതാവിന് വല്ലാത്ത ആനന്ദം തോന്നിയിട്ടുണ്ടാവണം. ബോക്‌സിങ്ങ് റിങ്ങിലെ ഇതിഹാസമായിരുന്ന മൈക് ടൈസനെക്കുറിച്ച് എതിരാളിയായ ബെര്‍ബിക് പറഞ്ഞ ഒരു വാചകമുണ്ട്. അത് സഞ്ജുവിന്റെ ബാറ്റിങ്ങിനും നന്നായി ഇണങ്ങും-

'When he hits you, you feel like you're being hit by a train…-'

Advertisement