96ല്‍ നില്‍ക്കെ തീയാകാന്‍ ശ്രമിച്ചു, അപ്പോ സൂര്യ വന്ന് പറഞ്ഞത്, തുറന്ന് പറഞ്ഞ് സഞ്ജു
ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. മുന്‍ മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ നേരിട്ട സഞ്ജുവിന് ഈ സെഞ്ച്വറി ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു മത്സരത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 96 റണ്‍സില്‍ നില്‍ക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിന് നല്‍കിയ ഉപദേശമാണ് ശ്രദ്ധേയം.
'96 റണ്‍സില്‍ നില്‍ക്കുമ്പോള്‍ അടുത്ത പന്തില്‍ ബൗണ്ടറി നേടുമെന്ന് ഞാന്‍ സൂര്യയോട് പറഞ്ഞു. പക്ഷേ, സൂര്യ എന്റെ അടുത്ത് വന്ന് കാര്യങ്ങള്‍ ലളിതമായി കാണണമെന്ന് ആവശ്യപ്പെട്ടു. എത്ര കഷ്ടപ്പെട്ടാണ് നീ ഇവിടെ വരെയെത്തിയതെന്ന് സൂര്യ എന്നെ ഓര്‍മ്മിപ്പിച്ചു,' സഞ്ജു പറഞ്ഞു.
ക്യാപ്റ്റന്റെയും പരിശീലകന്‍ ഗംഭീറിന്റെയും ഉപദേശം സ്വീകരിച്ച് ആക്രമണ മനോഭാവത്തോടെ കളിക്കാനാണ് സഞ്ജു തീരുമാനിച്ചത്. തുടര്‍ന്ന് അടുത്ത പന്തില്‍ തന്നെ ബൗണ്ടറി നേടി സെഞ്ച്വറി പൂര്‍ത്തിയാക്കി.
സഞ്ജുവിന്റെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച സൂര്യകുമാര്‍ യാദവ്, 'അവന്‍ കഠിനാധ്വാനം ചെയ്തു. നിസ്വാര്‍ത്ഥമായ പ്രകടനത്തിലൂടെയാണ് അവന്‍ ഈ നേട്ടം കൈവരിച്ചത്,' എന്നും കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കളിക്കുന്നത്. നവംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന നാല് മത്സര ട്വന്റി20 പരമ്പരയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.