തന്നെ മാനേജുമെന്റ് ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുന്നുണ്ട്, വമ്പന്‍ വെളിപ്പെടുത്തലുമായി സഞ്ജു സാംസണ്‍
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ആവേശത്തിലാണ് സഞ്ജു സാംസണ്‍. ഇപ്പോഴിതാ മറ്റൊരു വമ്പന്‍ വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് മലയാളി താരം. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും തന്നെ പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്. ടീം മാനേജ്മെന്റ് തന്നെ ഇക്കാര്യം അറിയിച്ചതായി സഞ്ജു വെളിപ്പെടുത്തി.
ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജു ഈ വിവരം പങ്കുവെച്ചത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ തയ്യാറെടുക്കാനായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോര്‍മാറ്റ് എന്നും ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് പരമ്പരയ്ക്ക് മുമ്പ് തന്നെ ടീമിലെ തന്റെ റോള്‍ എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെന്നും അതിനാല്‍ നന്നായി തയ്യാറെടുക്കാന്‍ സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. മൂന്ന് മത്സരങ്ങളിലും ഓപ്പണറായി കളിപ്പിക്കുമെന്നും അതിനനുസരിച്ച് തയ്യാറെടുപ്പ് നടത്താനും സാധിച്ചു.
പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും അത് മികച്ച പ്രകടനം നടത്താന്‍ സഹായകമായെന്നും സഞ്ജു പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കും സൂര്യയ്ക്കും ഇടയിലുള്ളത്. എല്ലാ കളിക്കാരെയും പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് സൂര്യ. സെഞ്ച്വറി നേടിയപ്പോള്‍ തന്നെക്കാള്‍ സന്തോഷം സൂര്യയ്ക്കായിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ തന്നോട് പേടിക്കേണ്ടെന്നും പിന്തുണയുണ്ടാകുമെന്നും പറഞ്ഞിരുന്നു. സമ്മര്‍ദ്ദമില്ലാതെ കളിച്ച് ബാറ്റിംഗ് ആസ്വദിക്കാന്‍ പറഞ്ഞ ഗംഭീറിന്റെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കിയെന്നും സഞ്ജു പറഞ്ഞു.
ഒരു അവസരം കിട്ടിയാല്‍ ഓവറില്‍ അഞ്ചോ ആറോ സിക്‌സറടിക്കണമെന്ന് പണ്ടേ ആഗ്രഹമുണ്ടായിരുന്നുവെന്നും ബംഗ്ലാദേശിനെതിരെ അത് സാധിച്ചുവെന്നും സഞ്ജു പറഞ്ഞു. ഓരോ പന്ത് കഴിയുമ്പോഴും അടുത്തത് അടിക്കാമെന്നായിരുന്നു തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.