സഞ്ജു അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാകും, അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
ഇന്ത്യന്‍ ടീമിന്റെ ഭാവി നായകനാകാന്‍ സാധ്യതയുള്ള താരമാണ് മലയാളി താരം സഞ്ജു സാംസണെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച് ശ്രദ്ധ നേടുന്നതിനിടേയാണ് ഉത്തപ്പയുടെ പ്രശംസ. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
ബംഗ്ലാദേശിനെതിരായ ടി20യില്‍ സെഞ്ച്വറി നേടിയ സഞ്ജുവിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും തിളങ്ങാനാകുമെന്ന് ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജുവിന് ഇന്ത്യന്‍ ടീമിന്റെ നേതൃത്വവും ഏറ്റെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശുമായുള്ള ടി20 മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നും സഞ്ജു സാംസണിന്റെ മികച്ച ഇന്നിങ്സുകള്‍ ഇനി വരാനിരിക്കാന്‍ പോവുന്നതേയുള്ളൂവെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.
'സഞ്ജു സാംസണിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ എനിക്കു ഒരുപാട് സന്തോഷമുണ്ട്. അവന്‍ ഇന്ത്യക്കു വേണ്ടി ഇനിയും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്വയ്ക്കുമെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ വളരെ മികച്ചൊരു സ്ഥിതിയിലേക്കു കൊണ്ടു പോവാനും സഞ്ജുവിനു സാധിക്കും' ഉത്തപ്പ വിലയിരുത്തി.
സമയം ഇനിയും മുന്നോട്ടു പോകവെ ദേശീയ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായെല്ലാം നമുക്കു അവനെ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. അങ്ങനെയൊരു അവസരം സഞ്ജുവിന്റെ വഴിക്കു വരിക തന്നെ ചെയ്യും. കാരണം ഐപിഎല്ലില്‍ ടീമിനെ (രാജസ്ഥാന്‍ റോയല്‍സ്) അവന്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. വളരെ മികച്ച രീതിയില്‍ തന്നെ ഈ റോള്‍ നിര്‍വഹിക്കാനും സഞ്ജുവിനു സാധിക്കുന്നുണ്ട്. ഇതു ഇന്ത്യന്‍ ടീമിന്റെ നേതൃനിരയിലേക്കു വരാന്‍ സഹായിച്ചേക്കുമെന്നും ഉത്തപ്പ നിരീക്ഷിച്ചു.
സഞ്ജുവിന്റെ പക്വത:
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം സഞ്ജുവില്‍ വലിയ മാറ്റമാണ് കാണുന്നതെന്ന് ഉത്തപ്പ പറഞ്ഞു. 'വളരെ പക്വതയുള്ള ഒരു കളിക്കാരനായി സഞ്ജു മാറിയിരിക്കുന്നു. തന്റെ കളിയോട് വളരെയധികം സത്യസന്ധത പുലര്‍ത്തുന്ന ഒരു താരമാണ് അദ്ദേഹം,' ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ ഭാവി:
സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സഞ്ജുവിന് മികച്ച അവസരം ലഭിക്കുമെന്നാണ് ഉത്തപ്പയുടെ പ്രതീക്ഷ. ഓപ്പണിംഗ് ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും സഞ്ജു ടീമില്‍ ഇടം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.