ദക്ഷിണാഫ്രിക്കയില്‍ സഞ്ജു തന്നെ ഇന്ത്യയുടെ ഓപ്പണര്‍, വന്‍ സന്തോഷ വാര്‍ത്ത പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ തന്നെ ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്‌സ്മാനാകുമെന്ന് ഉറപ്പായി. ടീമിലെ സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ സഞ്ജുവും അഭിഷേക് ശര്‍മയും മാത്രമായതിനാല്‍ ഇരുവര്‍ക്കും നാല് മത്സരങ്ങളിലും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടിയതോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. എന്നാല്‍, ബംഗ്ലാദേശിനെതിരെ നിരാശപ്പെടുത്തിയ അഭിഷേക് ശര്‍മയ്ക്ക് തുടര്‍ന്നുള്ള എമേര്‍ജിംഗ് ഏഷ്യാ കപ്പിലും തിളങ്ങാനാകാത്തത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു.
ദക്ഷിണാഫ്രിക്കയിലെ പേസ് സൗഹൃദ വിക്കറ്റുകള്‍ സഞ്ജുവിന് കൂടുതല്‍ അനുയോജ്യമാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജു സെഞ്ച്വറി നേടിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍, എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച തിലക് വര്‍മ്മയ്ക്ക് നാലാം നമ്പറില്‍ അവസരം ലഭിച്ചേക്കാം. ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ് എന്നിവര്‍ ബാറ്റിംഗ് നിരയില്‍ പിന്നാലെയെത്തും. ഹാര്‍ദിക്കിനൊപ്പം രമണ്‍ദീപ് സിംഗ് രണ്ടാമത്തെ പേസ് ഓള്‍റൗണ്ടറാകാന്‍ സാധ്യതയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേല്‍ കളിച്ചേക്കും.
രവി ബിഷ്‌ണോയി ആയിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ആദ്യ മത്സരങ്ങളില്‍ പേസ് ബൗളിംഗ് നിരയില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ ), ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍ , യാഷ് ദയാല്‍.