സഞ്ജു കൊടുങ്കാറ്റാകാന്‍ വീണ്ടും കളത്തിലിറങ്ങുന്നു, ടീമില്‍ തിരിച്ചെത്തി, പോരാട്ടം അതിശക്തര്‍ക്കെതിരെ
ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജു സാംസണ്‍ വീണ്ടും ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. രഞ്ജിയില്‍ കേരളത്തിനായാണ്് സഞ്ജു കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സഞ്ജു അടുത്ത മത്സരത്തില്‍ കേരളത്തിനായി കളിക്കുമെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം 18ന് അതിശക്തരായ കര്‍ണ്ണാടകയ്‌ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാമത്തെ മത്സരം. സഞ്ജുവിന്റെ വരവ് കേരള ക്യാമ്പിന് ആവേശം നല്‍കും. ആലൂരിലെ കെഎസ്സിഎ ത്രീ ഓവല്‍സ് സ്റ്റേഡിയത്തില്‍ കര്‍ണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം റൗണ്ട് മത്സരം. ഈ മത്സരം സഞ്ജുവിന് റെഡ്-ബോള്‍ ക്രിക്കറ്റിലേക്കുള്ള വാതില്‍ തുറന്നേക്കാം. ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.
നവംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി മത്സര പരിചയം നേടുന്നതിനാണ് സഞ്ജു രഞ്ജിയില്‍ കളിക്കുന്നത്. സമീപകാലത്തെ ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ഫോമിലാണ് സഞ്ജു. ദുലീപ് ട്രോഫിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 49 ശരാശരിയില്‍ 196 റണ്‍സ് നേടിയിരുന്നു. ഇതില്‍ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തില്‍ സെഞ്ച്വറിയും ഉള്‍പ്പെടും.
സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് ആദ്യ റൗണ്ടില്‍ കേരളത്തിനെ നയിച്്ചത്. ഒക്ടോബര്‍ 11 മുതല്‍ തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ കേരളം എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.
അതെസമയം ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യില്‍ സെഞ്ച്വറി നേടാനായത് സഞ്ജുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ തുടര്‍ന്നുളള മത്സരത്തില്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ തന്നെ സഹായിക്കുമെന്നാണ് സഞ്ജു പ്രതീക്ഷിക്കുന്നത്.
കേരള ടീം:
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്ത്, ജലജ് സക്‌സേന, ആദിത്യ സര്‍വ്വതെ, കെഎം ആസിഫ്, ബേസില്‍ തമ്പി, എംഡി നിധീഷ്, അക്ഷയ് ചന്ദ്രന്‍, ഫാസില്‍ ഫാനൂസ്, വത്സല്‍ ഗോവിന്ദ്, കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുംമല്‍, സല്‍മാന്‍ നിസാര്‍.