സഞ്ജുവുമായി 'ഭിന്നത', വിശദീകരിച്ച് ദ്രാവിഡ്, അടുത്ത മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കുന്ന കാര്യം കൈയ്യാലപ്പുറത്ത്
ഐപിഎല്ലിലെ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തോല്‍വി ഏറ്റുവാങ്ങിയ ഞെട്ടലില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് മുക്തമായിട്ടില്ല. അതിനിടെ അടുത്ത തിരിച്ചടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഡല്‍ഹിയ്‌ക്കെതിരെ മത്സരത്തിനിടെ പരിക്കേറ്റ സാംസണിന് കളിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പരിക്ക് ഗുരുതരമല്ലെങ്കില്‍ പോലും, ടീമിലെ 'ഭിന്നത'യെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ സാംസണ്‍ കളിക്കളത്തില്‍ ഇറങ്ങാതിരിക്കുന്നത് ടീമിന്റെ കെട്ടുറപ്പിനെ എങ്ങനെ ബാധിക്കുമെന്നതും ശ്രദ്ധേയമാണ്. സൂപ്പര്‍ ഓവറിനിടെ ടീം ചര്‍ച്ചകളില്‍ നിന്ന് സാംസണ്‍ വിട്ടുനിന്നുവെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചതോടെയാണ് ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
എന്നാല്‍, ടീമില്‍ ഭിന്നതയില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. സഞ്ജു സാംസണും താനും ഒരേ പേജിലാണെന്നും ടീമിന്റെ തീരുമാനങ്ങളില്‍ സഞ്ജു സാംസണിന് നിര്‍ണായക പങ്കുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ടീമിന്റെ കൂട്ടായ്മ മികച്ചതാണെന്നും കളിക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാംസണിന്റെ പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം മാത്രമേ അദ്ദേഹത്തിന്റെ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തത വരൂ. ഒരുപക്ഷേ, സാംസണ്‍ കളിക്കുകയാണെങ്കില്‍ത്തന്നെ ഇംപാക്ട് പ്ലെയറായി പരിഗണിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍, റിയാന്‍ പരാഗ് വീണ്ടും ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയേക്കും.
അതേസമയം, ടീമിലെ ഡെത്ത് ബോളിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത് ടീമിന് തിരിച്ചടിയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരം രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണായകമാണ്. പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോയ ടീമിന് പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്. സാംസണിന്റെ ലഭ്യതയും ടീമിന്റെ പ്രകടനവും ഈ മത്സരത്തില്‍ നിര്‍ണായകമാകും.