സഞ്ജുവിനെ കൂടുതല്‍ നമ്പരുത്, ദൗര്‍ബല്യമുളളവനാണ്, മുന്നറിയിപ്പുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പ്, സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആശങ്കകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെ രംഗത്ത്. തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായി കളിക്കുന്ന സഞ്ജുവിന് സ്ഥിരതയില്ലായ്മയാണ് പ്രധാന വെല്ലുവിളിയെന്ന് കുംബ്ലെ പറയുന്നു.
ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ വഴങ്ങിയ സഞ്ജു, ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി തിരിച്ചുവന്നെങ്കിലും സ്ഥിരതയുടെ പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്നാണ് കുംബ്ലെയുടെ വാദം. ജിയോ സിനിമയുടെ ക്രിക്കറ്റ് ഷോയില്‍ സംസാരിക്കവെയാണ് സഞ്ജുവിന്റെ ഏറ്റവും വലിയ വീക്ക്നെസ് കുംബ്ലെ ചൂണ്ടിക്കാണിച്ചത്.
'ക്ലാസ് പ്ലെയറായ' സഞ്ജുവിന് ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ സ്ഥിരത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് കുംബ്ലെ അഭിപ്രായപ്പെട്ടു. മുന്‍നിരയില്‍ തന്നെ കളിപ്പിച്ചാല്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശുമായുള്ള അവസാനത്തെ മല്‍സരത്തില്‍ നേടിയ സെഞ്ച്വറി അദ്ദേഹത്തെ സഹായിക്കുക തന്നെ ചെയ്യും. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ശേഷിയെക്കുറിച്ചു നമുക്കെല്ലാം നന്നായി അറിയാം. അദ്ദേഹം ശരിക്കുമൊരു ക്ലാസ് പ്ലെയറാണ്' കുംബ്ലെ നിരീക്ഷിച്ചു.
'സഞ്ജു സാംസണിന്റെ ബാറ്റിങിന്റെ കാര്യത്തില്‍ സ്ഥിരത വലിയൊരു പ്രശ്നം തന്നെയാണ്. ഇതേക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്കും ആശങ്കയുണ്ടാവുമെന്നു എനിക്കു തോന്നുന്നു. മുന്‍നിരയില്‍ തന്നെ സഞ്ജുവിനെ കളിപ്പിക്കുകയും ഓപ്പണറോ, മൂന്ന്- നാല് നമ്പറുകളിലോ ബാറ്റ് ചെയ്യിപ്പിക്കുകയെന്നതാണ് ശരിയായ സമീപനം. അതിലൂടെ അദ്ദേഹത്തിന്റെ കഴിവുകള്‍ പരമാവധി വര്‍ധിപ്പിക്കാന്‍ സാധിക്കും. പേസര്‍മാര്‍ക്കെതിരേ ഒരുപാട് സമയം ഇതിലൂടെ സഞ്ജുവിനു ലഭിക്കുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയും അദ്ദേഹം കൂടുതല്‍ അപകടകാരിയായി മാറും' കുംബ്ലെ വിശദമാക്കി.
സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് തുടങ്ങിയ കളിക്കാര്‍ പരമ്പരയില്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെച്ച് ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.