എന്റെ വാക്ക് പോലും അവന്‍ വിലമതിച്ചില്ല, തുറന്ന് പറഞ്ഞ് സഞ്ജുവിന്റെ പിതാവ്
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചു. 47 പന്തില്‍ നിന്ന് 111 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഹൈദരാബാദ് മൈതാനത്തെ ഇളക്കിമറിച്ചു. ഈ പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഇടം ഉറപ്പായി.
സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് മകന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് തുറന്നു സംസാരിച്ചു.
'സഞ്ജുവിന് അവന്റേതായ ശൈലിയുണ്ട്. കരിയറില്‍ അല്‍പ്പം പിന്നോട്ട് പോയെന്ന് തോന്നിയപ്പോള്‍ ഞാന്‍ അവനെ ഉപദേശിച്ചിരുന്നു. ക്രീസില്‍ കുറച്ചു നേരം പിടിച്ചുനിന്ന് അക്കൗണ്ടില്‍ റണ്‍സ് ചേര്‍ത്ത ശേഷം ആക്രമിക്കണമെന്നാണ് ഞാന്‍ അവനോട് പറഞ്ഞത്. എന്നാല്‍ അത് പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്. ആദ്യ പന്ത് മുതല്‍ കടന്നാക്രമിക്കുന്നതാണ് അവന്റെ രീതി. സഞ്ജു ഇവിടെ വരെയെത്തിയതും ഇത്രയും ആരാധകരെ സൃഷ്ടിച്ചതും ഈ ശൈലിയിലൂടെയാണ്' വിശ്വനാഥ് പറഞ്ഞു.
'ഇപ്പോള്‍ അവന് പ്രതിഭക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരിക്കുകയാണ്. ഇനി ഇന്ത്യന്‍ ടീമിനൊപ്പം അവനെ തുടര്‍ച്ചയായി കാണാം. അവന്റെ പ്രകടനത്തില്‍ വലിയ അഭിമാനം തോന്നുന്നു. നേരത്തെ ഇന്ത്യന്‍ ടീമില്‍ ഗസ്റ്റ് റോളായിരുന്നു സഞ്ജുവിന്. വരുന്നു പോകുന്നു എന്ന അവസ്ഥയായതിനാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ പലപ്പോഴും അവന് സാധിക്കാതെ പോയി. എന്നാല്‍ ഇപ്പോഴത്തെ പ്രകടനം വലിയ കരുത്ത് നല്‍കുന്നതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിനായി.