സഞ്ജുവിന്റെ 10 വര്‍ഷം മൂന്ന് ക്യാപ്റ്റന്മാര്‍ നശിപ്പിച്ചു, ഗുരുതര ആരോപണവുമായി സഞ്ജുവിന്റെ പിതാവ്
ഇന്ത്യയുടെ മൂന്ന് മുന്‍ ക്യാപ്റ്റന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത്. മകന്റെ തുടര്‍ച്ചയായ സെഞ്ച്വറി നേട്ടങ്ങള്‍ക്കു പിന്നാലെയാണ് അദ്ദേഹത്തിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ധോണി, കോഹ്ലി, രോഹിത്, ദ്രാവിഡ് എന്നിവര്‍ ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പ്രമുഖ മലയാള വാര്‍ത്ത ചാനലായ ട്വന്റി ഫോറിനോട് സംസാരിക്കുകയായിരുന്നു സാംസണ്‍ വിശ്വനാഥ്.
'10 വര്‍ഷം ഇല്ലാതാക്കിയവര്‍ യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്മാന്‍മാരായി തോന്നുന്നില്ല. അവര്‍ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയര്‍ന്ന് വന്നു. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കും' സാംസണ്‍ വിശ്വനാഥ് പറഞ്ഞു.
അതേസമയം, സഞ്ജുവിന് അവസരം നല്‍കിയ ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും അദ്ദേഹം നന്ദി പറഞ്ഞു. രണ്ട് സെഞ്ച്വറികളും അവര്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന്റെ ബാറ്റിംഗ് ശൈലി സച്ചിന്റെയും ദ്രാവിഡിന്റെയും പോലെ ക്ലാസിക്കാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്തിനെതിരെയും സാംസണ്‍ വിശ്വനാഥ് വിമര്‍ശനമുന്നയിച്ചു. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയതില്‍ ശ്രീകാന്ത് പരിഹസിച്ചെന്നും മനസ്സില്‍ വൈരാഗ്യം വെച്ചാണ് അദ്ദേഹം പെരുമാറുന്നതെന്നും സാംസണ്‍ വിശ്വനാഥ് ആരോപിച്ചു.
സഞ്ജുവിന്റെ തിളക്കമാര്‍ന്ന പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ സെലക്ഷന്‍ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.