അപ്പനാണ് അപ്പാ അപ്പന്‍, വീണ്ടും ദേശീയ മാധ്യമങ്ങളില്‍ വൈറലായി സഞ്ജുവിന്റെ പിതാവ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് തന്റെ മകന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയ വീഡിയോ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ എംഎസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരെ സഞ്ജുവിന്റെ പത്ത് വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ പാഴാക്കിയതിന് വൈറലായ വീഡിയോയില്‍ വിശ്വനാഥ് കുറ്റപ്പെടുത്തുന്നുണ്ട്.. സഞ്ജുവിന്റെ ആരാധനാപാത്രമായി വളര്‍ന്ന മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും അദ്ദേഹം കുറ്റപ്പെടുത്തിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.
അടുത്തിടെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായ സഞ്ജുവിന്, രോഹിതും വിരാടും ഈ വര്‍ഷം ആദ്യം ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് പതിവായി കളിക്കാന്‍ അവസരം ലഭിച്ചത്.
'എന്റെ മകന്റെ പത്ത് വര്‍ഷത്തെ കരിയര്‍ പാഴാക്കിയ മൂന്ന് നാല് പേരുണ്ട്… ധോണി ജി, വിരാട് കോഹ്ലി ജി, രോഹിത് ധശര്‍മ്മ ജി, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ജി തുടങ്ങിയ ക്യാപ്റ്റന്‍മാര്‍. ഈ നാല് പേരും എന്റെ മകന്റെ പത്ത് വര്‍ഷം പാഴാക്കി, പക്ഷേ അവര്‍ അവനെ എത്രയധികം വേദനിപ്പിച്ചോ അത്രയധികം ശക്തനായി സഞ്ജു പ്രതിസന്ധിയില്‍ നിന്ന് പുറത്തുവന്നു,' മലയാളി വാര്‍ത്താ മാധ്യമമായ മീഡിയ വണിനോട് വിശ്വനാഥ് പറയുന്നതാണ ഈ വീഡിയോ.
ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും, വാം-അപ്പ് മത്സരങ്ങളില്‍ മതിപ്പുളവാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഒരു മത്സരത്തിലും കളിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ശ്രീലങ്കയിലേക്കുള്ള വൈറ്റ്-ബോള്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കി. ടി20 ലോകകപ്പിന് ശേഷം ദ്രാവിഡിന് പകരക്കാരനായി പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പരമ്പരയായിരുന്നു അത്.
എന്നിരുന്നാലും, ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഗംഭീറും സഞ്ജുവില്‍ വിശ്വാസം അര്‍പ്പിച്ചു, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ തുടര്‍ച്ചയായി സെഞ്ച്വറി നേടിക്കൊണ്ട് സഞ്ജു ആ വിശ്വാസത്തിന് പ്രതിഫലം നല്‍കി.
വരാനിരിക്കുന്ന ഏഴ് ടി20 മത്സരങ്ങളില്‍ ഓപ്പണിംഗ് ചെയ്യാന്‍ സൂര്യകുമാര്‍ തന്നോട് ആവശ്യപ്പെട്ടതായി സഞ്ജു അടുത്തിടെ വെളിപ്പെടുത്തി. ഫലം എന്തുതന്നെയായാലും തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സൂര്യ ഉറപ്പ് നല്‍കിയതായും സഞ്ജു പറഞ്ഞു.
'ദുലീപ് ട്രോഫിയില്‍ കളിക്കുമ്പോള്‍ സൂര്യ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'നിനക്ക് അടുത്ത ഏഴ് മത്സരങ്ങളുണ്ട്. ഈ ഏഴ് മത്സരങ്ങളിലും നീ ഓപ്പണ്‍ ചെയ്യും, ഫലം എന്തുതന്നെയായാലും ഞാന്‍ നിന്നെ പിന്തുണയ്ക്കും.' എന്റെ കരിയറില്‍ ആദ്യമായാണ് ഇത്രയും വ്യക്തതയോടെ ആരെങ്കിലും എന്നോട് ഇങ്ങനെ പറയുന്നത്, അത് എനിക്ക് ആത്മവിശ്വാസം നല്‍കി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്, ഞാന്‍ ഓപ്പണ്‍ ചെയ്യുമെന്ന്.'