സിക്‌സുകളുടെ പെരുമഴയുമായി സഞ്ജുവിന്റെ ആറാട്ട്, ഇനിയാര്‍ക്ക് ഇവനെ തടയാനാകും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 പോരാട്ടത്തിന് ഒരുങ്ങുന്ന മലയാളി താരം സഞ്ജു സാംസണ്‍ മിന്നും ഫോമിലാണ്. ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ഇന്ത്യയുടെ ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു കളിക്കും.
കഴിഞ്ഞ രണ്ട് ടി20 പരമ്പരകളിലും ഓപ്പണറായി തിളങ്ങിയ സഞ്ജു ഇംഗ്ലണ്ടിനെതിരെയും അത് ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ഗ്രൗണ്ടിലെ പരിശീലനത്തിനിടെ സഞ്ജു നടത്തിയ ഒരു കിടിലന്‍ സിക്‌സറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ റോയല്‍സ് അക്കാദമിയിലാണ് സഞ്ജു പരിശീലനം നടത്തുന്നത്. നേരത്തെ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ക്ക് മുമ്പും സഞ്ജു ഇവിടെ പരിശീലിച്ചിരുന്നു.
ഗൗതം ഗംഭീര്‍ പരിശീലകനായതും സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായതും സഞ്ജുവിന് ഗുണം ചെയ്തിട്ടുണ്ട്. ടി20 ടീമിലെ തന്റെ റോള്‍ എന്താണെന്ന് ഇരുവരും സഞ്ജുവിനെ വ്യക്തമായി മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. മുന്‍പ് കൃത്യമായ ഒരു ബാറ്റിംഗ് പൊസിഷന്‍ ഇല്ലാതിരുന്ന സഞ്ജുവിന് ഇപ്പോള്‍ ഓപ്പണറായി തുടര്‍ച്ചയായി കളിക്കാന്‍ അവസരം ലഭിക്കുന്നുണ്ട്.
ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ഓപ്പണിംഗ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു, ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.