വെടിക്കെട്ട് ബാറ്റിംഗുമായി തീപാറിച്ച് സഞ്ജു, വ്യത്യസ്തമായ ഷോട്ടുകള്‍, മലയാളി താരം രണ്ടും കല്‍പിച്ച്
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായി നെറ്റ്‌സില്‍ തീപ്പൊരി ബാറ്റിംഗ് പരിശീലനം നടത്തി മലയാളി താരം സഞ്ജു സാംസണ്‍. താന്‍ മികച്ച ഫോമിലാണെന്നുളള സൂചനയാണ് സഞ്ജു പുറത്ത് വിട്ടിരിക്കുന്നത്. വ്യത്യസ്തങ്ങളായ ഷോട്ടുകള്‍ പായിച്ചുകൊണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന സഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഈ മാസം എട്ടിന് ആരംഭിക്കുന്ന പര്യടനത്തില്‍ നാല് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിന് ഈ വര്‍ഷത്തെ അവസാന ടി20 പരമ്പരയാണിത്. മികച്ച പ്രകടനത്തോടെ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിന്റെ പരിശീലനം റോയല്‍സ് ക്യാമ്പില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായും സഞ്ജു ഇവിടെയാണ് പരിശീലനം നടത്തിയത്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം.
തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും ഇന്ത്യയ്ക്കായി ഓപ്പണര്‍ റോളില്‍ സഞ്ജു തന്നെ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. അഭിഷേക് ശര്‍മയ്ക്കൊപ്പമാകും സഞ്ജു ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന സഞ്ജുവിന് അവസാന മത്സരത്തിലെ സെഞ്ച്വറി ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സഹായകമായി. ഈ പ്രകടനം തുടര്‍ന്ന് സൗത്താഫ്രിക്കയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.