'ചേട്ടനെ' എപ്പോഴും ചേര്‍ത്ത് പിടിച്ച ക്യാപ്റ്റന്‍, സൂര്യയില്ലായിരുന്നെങ്കില്‍ സഞ്ജു ബെഞ്ചിരുന്നേനെ
ടീമില്‍ നിന്ന് പുറത്താകുമെന്ന ഭീതിയിലായിരുന്ന സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി തിരിച്ചുവരവ് നടത്തി. 47 പന്തില്‍ നിന്ന് 111 റണ്‍സാണ് താരം അടിച്ചെടുത്തത്. എട്ട് സിക്‌സും 11 ഫോറും ഉള്‍പ്പെട്ട ആ ഇന്നിംഗ്‌സ് കണ്ട് ആരാധകര്‍ ആവേശത്തിലായി.
ആദ്യ ടി20യില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ബാറ്റിംഗ് പരിശീലകന്റെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും പിന്തുണയോടെയാണ് സഞ്ജു മൂന്നാം മത്സരത്തിനിറങ്ങിയത്. സൂര്യയുമായുള്ള സൗഹൃദവും സഞ്ജുവിന് തുണയായി. സെഞ്ച്വറി നേടിയ സഞ്ജുവിനെ സൂര്യ ഓടിയെത്തി ആലിംഗനം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ുമ്പും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള താരമാണ് സൂര്യ. സഞ്ജുവിനോട് കാര്യമായ സൗഹൃദവും സൂര്യക്കുണ്ട്. ഹൈദരാബാദില്‍ സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴും സൂര്യയുടെ മുഖത്ത് ആ ആഹ്ലാദം കാണാമായിരുന്നു. പരമ്പരയ്ക്ക് മുമ്പ് സഞ്ജു മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ ഓപ്പണറാകുമെന്ന് സൂര്യ പ്രഖ്യാപിക്കുന്നതിലേക്ക് വരെ സൗഹൃദമെത്തിയിരുന്നു.
സഞ്ജുവിന്റെയും സൂര്യയുടെയും (35 പന്തില്‍ 75) തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 47), റിയാന്‍ പരാഗ് (13 പന്തില്‍ 34) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പായിച്ചുകൊണ്ടാണ് സഞ്ജു തന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. സൂര്യയുമായി ചേര്‍ന്ന് 173 റണ്‍സിന്റെ കൂട്ടുകെട്ടും സഞ്ജു പടുത്തുയര്‍ത്തി.