കോട്ട കൊട്ടളങ്ങള്‍ ഇളകുന്നു, സഞ്ജുവിന്റെ ഫോം വിറളി പിടിപ്പിക്കുന്നത് ടീമില്‍ സ്ഥാനമുറപ്പിച്ചവര്‍ക്ക്
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരം മലയാളി താരം സഞ്ജു സാംസണിന്റെ സംഹാര താണ്ഡവമായിരുന്നു. ഓപ്പണറായി കളിക്കാന്‍ ഇറങ്ങിയ സഞ്ജു തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കാഴ്ച വെച്ചത്.
ഒരോവറില്‍ അഞ്ച് സിക്സറുകള്‍ അടക്കം 19 തവണ പന്ത് അതിര്‍ത്തി കടത്തിയ താരം ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് കുറിച്ചത്. ടി20 യില്‍ ഇന്ത്യന്‍ ജഴ്സിയില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച താരം മറ്റൊരു റെക്കോര്‍ഡും കൂടി സ്വന്തമാക്കി. ഇതാദ്യമാണ് ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സെഞ്ച്വറി തികയ്ക്കുന്നത്.
അതേ സമയം വെടിക്കെട്ട് ബാറ്റിങുമായി സഞ്ജു കളം നിറഞ്ഞപ്പോള്‍ പണി കൂടുന്നത് സെലക്ടര്‍മാര്‍ക്കാണ്. ഇത് പല മുന്‍നിര താരങ്ങളിലും ഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട് എന്നതും സത്യമാണ്. ടി20 ടീമിലെ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജു സാംസണ്‍ അടക്കമുള്ള ചില താരങ്ങള്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചത്.
ടി20 ടീമിന്റെ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മടങ്ങിവരുമ്പോള്‍ അടുത്ത പരമ്പരയില്‍ സഞ്ജുവിനെ എന്ത് ചെയ്യുമെന്നുള്ള ചോദ്യം സെലക്ടര്‍മാര്‍ക്കുണ്ട്. അവസാന ടി20 യില്‍ കിടിലന്‍ സെഞ്ച്വറി നേടി നില്‍ക്കുന്ന സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റുന്നത് വലിയ ആരാധക വിമര്‍ശനത്തിനും പ്രതിഷേധത്തിനും ഇടയാക്കുമെന്നുമുറപ്പാണ്. ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ നാട്ടില്‍ വെച്ച് നടക്കുന്ന അടുത്ത ടി20 പരമ്പരയില്‍ നിലവിലെ ഒന്നാം വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് കൂടി മടങ്ങിയെത്താന്‍ സാധ്യതയുണ്ട്.
പന്തിനെ കൂടാതെ അരഡസനോളം യുവതാരങ്ങളും ടീമിലിടം നേടാനുള്ള കഠിന പ്രയത്‌നത്തിലാണ്. അത് കൊണ്ട് തന്നെ ടീം തിരഞ്ഞെടുപ്പ് ഒരേ സമയം സെലെക്ടര്‍മാര്‍ക്ക് തലവേദനയാകും.