രാജസ്ഥാന്‍ തകര്‍പ്പന്‍ ടീം, പക്ഷെ ഒരു ഗുരുതര പ്രശ്‌നമുണ്ട്, തുറന്നടിച്ച് ഭോഗ്ലേ
2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാലേലം അവസാനിക്കുമ്പോള്‍ എല്ലാ ഫ്രാഞ്ചൈസികളും ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സംബന്ധിച്ച് ഒരു ശരാശരി പ്രകടനം മാത്രമാണ് ലേലത്തില്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചത്. ജോസ് ബട്ലര്‍ അടക്കമുള്ള വലിയ താരങ്ങളെ കൈവിട്ടിട്ടും പകരക്കാരെ കണ്ടെത്താന്‍ രാജസ്ഥാന്‍ ലേലത്തിലൂടെ സാധിച്ചില്ല.
അണ്‍ക്യാപ്ഡ് താരങ്ങള്‍ ഉള്‍പ്പെടെ 14 കളിക്കാരെയാണ് ഇത്തവണത്തെ ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ രാജസ്ഥാന്‍ ടീം ഇപ്പോഴും വളരെ സന്തുലിതമാണ് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. സന്തുലിതമായ ടീം ഉണ്ടെങ്കിലും ഒരു വലിയ പ്രശ്‌നം രാജസ്ഥാന്‍ അലട്ടാന്‍ സാധ്യതയുണ്ട് എന്ന് ഭോഗ്ലെ പറയുന്നു.
''ഇത്തവണത്തെ രാജസ്ഥാന്‍ ടീം വളരെ ബാലന്‍സുള്ള ഒരു ടീമായിട്ടാണ് ഞാന്‍ കാണുന്നത്. സാധാരണയായി മുംബൈ ഇന്ത്യന്‍സ് കാഴ്ചവയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇത്തവണ രാജസ്ഥാന്‍ ലേലത്തില്‍ കാഴ്ചവച്ചത്. അവര്‍ക്ക് ഒരു മുംബൈ ടച്ച് ഉണ്ട് എന്ന് പറയാതിരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ നല്ലൊരു ടീമാണ് രാജസ്ഥാന്‍ന്റേത്. തങ്ങളുടെ സ്‌ക്വാഡില്‍ കേവലം 6 വിദേശ താരങ്ങളെ മാത്രമാണ് രാജസ്ഥാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ഇന്ത്യന്‍ താരങ്ങളെ ആശ്രയിക്കുക എന്ന തീരുമാനമാണ് ഇത്തവണ രാജസ്ഥാന്‍ കൈക്കൊണ്ടത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. മുംബൈ ടീമിന്റെ ലൈനപ്പും ഇതിന് സമാനമാണ്'- ഹര്‍ഷ ഭോഗ്ലെ പറയുന്നു.
രാജസ്ഥാന്‍ ടീമിന്റെ ബെഞ്ച് ശക്തി
'പക്ഷേ രാജസ്ഥാന്‍ ടീമിന് ഇത്തവണത്തെ ബെഞ്ച് ശക്തി കുറവാണ് എന്നത് വലിയ പ്രശ്‌നമായി മാറിയേക്കും. 2025 ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടില്‍ 14 മത്സരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് കളിക്കേണ്ടതുണ്ട്. ഇത്രയും മത്സരങ്ങള്‍ കളിക്കാനുള്ള ബെഞ്ച് ശക്തി അവര്‍ക്കുണ്ടോ എന്ന് കണ്ടറിയേണ്ടതാണ്. കൃത്യമായി ബാക്കപ്പ് ഇല്ലാത്തത് രാജസ്ഥാന്‍ അലട്ടാന്‍ സാധ്യതയുണ്ട്. അവരുടെ നിരയില്‍ ബാക്കപ്പ് താരമായി ഉള്ളത് ശുഭം ദുബെയാണ്. മറ്റൊന്ന് നിതീഷ് റാണയാണ്. ഈ 2 താരങ്ങളെ ഒഴിവാക്കി പരിശോധിച്ചാല്‍ മറ്റു താരങ്ങള്‍ ഒന്നുംതന്നെ വേണ്ട രീതിയില്‍ മികവ് പുലര്‍ത്തിയിട്ടുള്ളവരല്ല. ജയസ്വാളിന് എന്തെങ്കിലും പരുക്കോ മറ്റോ പറ്റിയാല്‍ രാജസ്ഥാന്‍ കൂടുതല്‍ പ്രശ്‌നത്തിലാകും' ഹര്‍ഷ ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ ടീമിലെ പ്രധാന താരങ്ങള്‍
ഇന്ത്യന്‍ താരങ്ങളെ കൂടുതല്‍ ആശ്രയിച്ച ഒരു സ്‌ക്വാഡാണ് ഇത്തവണ രാജസ്ഥാന്‍ കെട്ടിപ്പടുത്തിരിക്കുന്നത്. സഞ്ജു സാംസണ്‍ നായകനായ സ്‌ക്വാഡിലെ പ്രധാന താരങ്ങള്‍:
ജയസ്വാള്‍
പരഗ്
ജൂറല്‍
സന്ദീപ് ശര്‍മ
നിതീഷ് റാണ
ബോളര്‍മാരില്‍ ജോഫ്രാ ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, തുഷാര്‍ ദേശ്പാണ്ടെ എന്നിവരെയാണ് രാജസ്ഥാന്‍ പ്രധാനമായും ആശ്രയിക്കേണ്ടത്. രവിചന്ദ്രന്‍ അശ്വിനെയും ചഹലിനെയും വിട്ടു നല്‍കിയ രാജസ്ഥാന്‍ ഇത്തവണ ലഭിച്ചിരിക്കുന്ന സ്പിന്നര്‍മാര്‍ വനിന്ദു ഹസരംഗയും മഹേഷ് തീക്ഷണയുമാണ്. പക്ഷേ ഇരുവരും വിദേശ സ്പിന്നര്‍മാരായതിനാല്‍ തന്നെ പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടും എന്ന് ഉറപ്പാണ്.
രാജസ്ഥാന്‍ റോയല്‍സിന് മികച്ച ബാലന്‍സ് ഉണ്ടെങ്കിലും, ബെഞ്ച് ശക്തിയുടെ കുറവ് അവരെ പ്രതികൂലമായി ബാധിച്ചേക്കാം എന്നതാണ് ഹര്‍ഷ ഭോഗ്ലെയുടെ അഭിപ്രായം.