ഇന്ത്യൻ താരമായ ചേട്ടനെ വാങ്ങാനാളില്ല; ആഭ്യന്തര താരമായ അനിയന് വേണ്ടി ടീമുകൾ റെഡി.. അപൂർവമായ ഒരു ഐപിഎൽ ലേലം ഇങ്ങനെ
ഐപിഎൽ മെഗാ ലേലത്തിൽ സർഫറാസ് ഖാൻ വിറ്റുപോകാതെ ഇരുന്നതോടെ വിഷമിച്ച താരത്തിന്റെ ആരാധകർക്ക് ചെറിയൊരു സന്തോഷം. താരത്തിന്റെ ഇളയ സഹോദരൻ മുഷീർ ഖാൻ ഇത്തവണ ഐപിഎലിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിക്കും. നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫി കളിക്കുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് സർഫറാസ് ഖാൻ. 19കാരനായ അനിയൻ മുഷീർ ആവട്ടെ, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ താരമാണ്.
ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളിൽ ഒരാളായി മാറിയ സർഫറാസ് ഖാനെ തിങ്കളാഴ്ച, നവംബർ 25 വൈകുന്നേരം നടന്ന ആദ്യ റാപ്പിഡ് റൗണ്ടിൽ ആരും ലേലം വിളിച്ചില്ല. എന്നിരുന്നാലും, മുംബൈ ബാറ്റ്‌സ്മാന് ഇപ്പോഴും പ്രതീക്ഷയുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ഏതെങ്കിലും ടീം, -അദ്ദേഹത്തിൻറെ പേര് വീണ്ടും ലേലത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ- താരത്തെ വാങ്ങാൻ ഒരു അവസരം കൂടി ബാക്കിയുണ്ട്.
മുഷീർ ഖാനെ 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ കൊടുങ്കാറ്റായി മാറിയ 19-കാരനായ ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ മുഷീറിന് ഐപിഎല്ലിന്റെ ആദ്യ അനുഭവമായിരിക്കും ഇത്.
സർഫറാസ് ഖാൻ അവസാനമായി ഐപിഎല്ലിൽ കളിച്ചത് 2023-ൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിയാണ്. 2015-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. മൂന്ന് വർഷത്തിനിടെ ആർസിബിക്കു വേണ്ടി 25 മത്സരങ്ങൾ കളിച്ചെങ്കിലും കാര്യമായ ഐപിഎൽ ഓർമ്മകളൊന്നും തന്നെ സൃഷ്ടിക്കാൻ അദ്ദേഹത്തിനായില്ല.
തുടർന്ന് സർഫറാസ് മൂന്ന് വർഷം പഞ്ചാബ് കിംഗ്‌സിനു വേണ്ടി കളിച്ചു, പക്ഷേ അവിടെയും താരത്തിന് അധികം അവസരങ്ങൾ ലഭിച്ചില്ല. രണ്ട് സീസണുകളിലായി ഡൽഹി ക്യാപിറ്റൽസിനു വേണ്ടി 10 മത്സരങ്ങൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. ലഭിച്ച അവസരങ്ങളിൽ 50 മത്സരങ്ങളിൽ നിന്ന് 22.50 ശരാശരിയിലും 130.58 സ്‌ട്രൈക്ക് റേറ്റിലും 585 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.