സര്‍ഫറാസ് അച്ഛനായി, മുഷീര്‍ അമ്മാവും, സെഞ്ച്വറിയ്ക്ക് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം സര്‍ഫറാസ് ഖാനെ തേടി ഒരു സന്്‌തോഷ വാര്‍ത്ത കൂടി. സര്‍ഫറാസ് ഖാന്റെ ഭാര്യ റൊമാന ജഹൂര്‍ തിങ്കളാഴ്ച രാത്രി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നതാണ് അത്.
ഇതോടെ സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന്‍ മുത്തച്ഛനും അനിയന്‍ മുഷീര്‍ ഖാന്‍ അമ്മാവനുമായി. മുംബൈയില്‍ ആയിരുന്നു പ്രസവം. അമ്മയും കുട്ടിയും സുഖമായിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സര്‍ഫറാസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ 195 പന്തില്‍ നിന്ന് 150 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ടോപ് സ്‌കോററായി. സര്‍ഫറാസിന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയായിരുന്നു ഇത്.
18 ഫോറുകളും 3 സിക്‌സറുകളും സര്‍ഫറാസിന്റെ ഈ തകര്‍പ്പന്‍ സെഞ്ച്വറി. എന്നാല്‍ ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്്‌നു.
സര്‍ഫറാസ് രണ്ടാം ടെസ്റ്റില്‍ കളിക്കുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ശുഭ്മാന്‍ ഗില്‍ തിരിച്ചുവരുന്നതോടെ രാഹുലിനെ മാറ്റിയാകും സര്‍ഫറാസിനെ ടീം ഇന്ത്യ പരീക്ഷിക്കുക.