ഇതൊരു തീക്ഷണമായ പ്രതികാരമാണ്, കേരളത്തിനായി സര്‍വാതെയുടെ മികച്ച പ്രകടത്തിന് പിന്നില്‍
സ്വന്തം തട്ടകത്തില്‍ ശത്രുപാളയത്തിലേക്ക് ബാറ്റേന്തി പട നയിക്കുന്ന നാഗ്പുര്‍ക്കാരന്റെ പ്രതികാരത്തിന്റെ കനലുകള്‍ക്ക് തീപിടിച്ച പോരാട്ടമായിരുന്നു രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ ആദിത്യ സര്‍വാതെ കാഴ്ച്ച വെച്ചത്. ഒരു കാലത്ത് തന്റെ സ്വന്തം തട്ടകമായിരുന്ന വിദര്‍ഭയുടെ ഓരോ പന്തുകളും സര്‍വാതെയുടെ ബാറ്റില്‍ തട്ടിത്തെറിക്കുമ്പോള്‍ നാട്ടുകാരുടെ കൈയ്യടികള്‍ ഉയര്‍ന്നു കേട്ടു.
മത്സരത്തിന്റെ മൂന്നാം ഓവറില്‍ കേരളത്തിന്റെ രണ്ട് ഓപ്പണര്‍മാര്‍ മടങ്ങിയിട്ടും പതറാതെ പിടിച്ചു നിന്ന നായകന്‍. കേരളത്തിന്റെ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറിയ സര്‍വാതെ, അഹമ്മദ് ഇമ്രാനൊപ്പം ചേര്‍ന്ന് 93 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സര്‍വാതെയുടെ പോരാട്ടവീര്യത്തിനു മുന്നില്‍ ആറ് ബൗളര്‍മാരെയാണ് വിദര്‍ഭ പരീക്ഷിച്ചത്.
120 പന്തില്‍ 10 ഫോറുകള്‍ ഉള്‍പ്പെടെ 66 റണ്‍സാണ് സര്‍വാതെ ഇതുവരെ അടിച്ചെടുത്തത്. വിദര്‍ഭ നേരത്തെ പരീക്ഷിച്ച തന്ത്രം കേരളവും പയറ്റി. സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ക്ക് പകരം ടോപ്പ് ഓര്‍ഡറില്‍ വാലറ്റക്കാരെ ഇറക്കിയ വിദര്‍ഭയുടെ അതേ തന്ത്രം കേരളവും പിന്തുടരുകയായിരുന്നു. അതാണ് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി സര്‍വാതെയെ മൂന്നാമനായി ഇറക്കാന്‍ കേരളത്തെ പ്രേരിപ്പിച്ചത്. ആ തീരുമാനം ബാറ്റുകൊണ്ട് ശരിവെക്കുകയായിരുന്നു സര്‍വാതെ.
പത്തുവര്‍ഷത്തോളം വിദര്‍ഭയുടെ നെടുംതൂണായിരുന്ന, രണ്ട് രഞ്ജി ട്രോഫി കിരീടനേട്ടങ്ങളിലെ പ്രധാനിയായ സര്‍വാതെയെ വിദര്‍ഭ ഈ സീസണില്‍ പുറത്താക്കുകയായിരുന്നു. ടീമിന്റെ ഈ തീരുമാനത്തോടെയാണ് ആദിത്യ സര്‍വാതെ കേരളത്തിലേക്ക് എത്തുന്നത്.
വിദര്‍ഭ ടീം തന്റെ കഴിവില്‍ സംശയം പ്രകടിപ്പിച്ചെന്നും അപമാനിച്ച് ഒഴിവാക്കിയെന്നും സര്‍വാതെ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. സെമി ഫൈനലില്‍ ഉള്‍പ്പെടെ കേരളത്തിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച സര്‍വാതെ കേരളത്തെ തന്റെ രണ്ടാം വീടായിട്ടാണ് കാണുന്നത്. സര്‍വാതെയുടെ ബാറ്റിങ് മികവില്‍ വെള്ളിയാഴ്ചയും കേരളം വലിയ പ്രതീക്ഷയിലാണ്.