വീഡിയോ: ഫിൽ ഹ്യൂസിന്റെ ഓർമകൾക്ക് പത്ത് വയസ്സ്; കരച്ചിലടക്കാനാവാതെ അബോട്ട്
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസിന്റെ ദാരുണമായ മരണത്തിന്റെ 10-ാം വാർഷികത്തിൽ, താരത്തിന്റെ അനുസ്മരണത്തിനിടെ കരച്ചിലടക്കാനാവാതെ സീൻ അബോട്ട്. അബോട്ടിന്റെ മാരകമായ ബൗൺസർ കഴുത്തിൽ കൊണ്ടാണ് പത്തുവർഷം മുൻപ് ഹ്യൂസ് ക്രിക്കറ്റ് മൈതാനത്ത് മരിച്ചുവീണത്. 2014-ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ന്യൂ സൗത്ത് വെയിൽസും, സൗത്ത് ഓസ്ട്രേലിയയും തമ്മിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെയാണ് ഹ്യൂസിന്റെ കഴുത്തിൽ പന്ത് കൊണ്ട് താരം മരണപ്പെട്ടത്.
63 റൺസിൽ ബാറ്റ് ചെയ്യുമ്പോൾ ഹ്യൂസ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം, സിഡ്‌നിയിലെ സെന്റ് വിൻസെന്റ്സ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി, അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും, താരം വൈകാതെ കോമയിലേക്ക് പ്രവേശിച്ചു. നവംബർ 27 ന് അദ്ദേഹം മരണപ്പെട്ടു. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ഒരാളായി ഈ ഇടംകൈയൻ ബാറ്റർ അക്കാലത്ത് വ്യാപകമായി കണക്കാക്കപ്പെട്ടിരുന്നു.
ന്യൂ സൗത്ത് വെയിൽസ്, ടാസ്മാനിയയ്‌ക്കെതിരായ ഷെഫീൽഡ് ഷീൽഡ് മത്സരത്തിന്റെ നാലാം ദിവസം കളി ആരംഭിക്കുന്നതിന് മുമ്പ്, ഹ്യൂസിന്റെ ഓർമയിൽ ഒരു മിനിറ്റ് മൗനം ആചരിച്ചു. എന്നാൽ ഈ നിമിഷം അബോട്ടിന് താങ്ങാനാവുന്നതായിരുന്നില്ല. കരച്ചിലടക്കാനാവാതെ താരം ഗ്രൗണ്ടിൽ വിങ്ങിപ്പൊട്ടി. ന്യൂ സൗത്ത് വെയിൽസ് കളിക്കാർ അബോട്ടിനെ ആശ്വസിപ്പിക്കാൻ പാടുപെടുന്നത് കാണാമായിരുന്നു.
ഓസ്ട്രേലിയയ്ക്കായി 26 ടെസ്റ്റുകളും 25 ഏകദിനങ്ങളും ഒരു ടി20യും കളിച്ച ഹ്യൂസ്, തന്റെ 26-ാം ജന്മദിനത്തിന് മൂന്ന് ദിവസം മുമ്പാണ് മരണപ്പെട്ടത്. ഹ്യൂസിന് ആദരാഞ്ജലി അർപ്പിക്കാൻ ശനിയാഴ്ച മുതൽ ഷെഫീൽഡ് ഷീൽഡിലെ കളിക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് കളത്തിൽ ഇറങ്ങിയത്.
ഓസ്ട്രേലിയൻ കായികരംഗത്തെ ഏറ്റവും ദുഃഖകരമായ നിമിഷങ്ങളിലൊന്നിന്റെ വാർഷികദിനത്തിൽ, ഒരു മത്സരം ഷെഡ്യൂൾ ചെയ്യുന്നതിൽ അബോട്ടിന് പ്രശ്നമുണ്ടോ എന്ന് മുൻകൂട്ടി അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.
"ഞങ്ങളുടെ പ്രിയപ്പെട്ട മകൻ, സഹോദരൻ ഫിലിപ്പ് ജോയൽ ഹ്യൂസിന്റെ വിയോഗത്തിന്റെ 10-ാം വാർഷികമാണ് ഇന്ന്. സ്നേഹനിധിയും നർമ്മബോധമുള്ളവനുമായിരുന്നു ഫിലിപ്പ്"
"ചുറ്റുമുള്ളവരെ എപ്പോഴും ചിരിപ്പിക്കാനും ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കാനും അദ്ദേഹം ശ്രമിച്ചു. അവിടെ അദ്ദേഹത്തിന്റെ മനോഹരമായ പുഞ്ചിരി ജീവൻ പ്രാപിക്കും. പ്രയാസകരമായ സമയങ്ങളിൽ പോലും അദ്ദേഹം പ്രകാശിച്ചു, അത് അദ്ദേഹം ഒരു വ്യക്തി എന്ന നിലയിൽ ആരായിരുന്നു എന്നതിന്റെ തെളിവാണ്."
"അവൻ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായിരുന്നു. ഫിലിപ്പിന് തന്റെ കുടുംബത്തോട് അഗാധമായ സ്നേഹമുണ്ടായിരുന്നു, ചുറ്റുമുള്ള എല്ലാവരോടും ബഹുമാനത്തോടെയാണ് അദ്ദേഹം ജീവിച്ചത്.
ചെറിയ പട്ടണത്തിലെ ഗ്രാമീണ ബാലനായ ഫിലിപ്പ് ഒരു ഓസ്ട്രേലിയൻ ടെസ്റ്റ്, ഏകദിന, ട്വന്റി20 ക്രിക്കറ്റ് താരമായി മാറി. ലോകമെമ്പാടുമുള്ള ഏറ്റവും കഠിനമായ പിച്ചുകളിൽ, ലോക വേദിയിലെ ഏറ്റവും കഠിനരായ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അദ്ദേഹം കളിച്ചു. പക്ഷേ അദ്ദേഹം എവിടെ നിന്നാണ് വന്നതെന്നും വഴിയിൽ ആരാണ് സഹായിച്ചതെന്നും ഒരിക്കലും മറന്നില്ല"
ഹ്യൂസിന്റെ കുടുംബം അവരുടെ സന്ദേശത്തിൽ പറഞ്ഞു.
ഡിസംബർ 6 മുതൽ 10 വരെ അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പ് ആദരാഞ്ജലി അർപ്പിക്കുന്നത് ഉൾപ്പെടെ, ഹ്യൂസിന്റെ മരണത്തിന്റെ 10-ാം വാർഷികം അടയാളപ്പെടുത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ഡോക്യുമെന്ററി ക്രിക്കറ്റ് ഓസ്ട്രേലിയ നിർമ്മിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ അനുസ്മരണ പരിപാടിയുടെ ഭാഗമായി ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന് മുമ്പ് ഇത് പ്രക്ഷേപണം ചെയ്യും.
ഒരു ദശാബ്ദം മുമ്പ് അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഓസ്ട്രേലിയ-ഇന്ത്യ അഡ്‌ലെയ്ഡ് ടെസ്റ്റിൽ, ഹ്യൂസിനെ ഹോം ടീമിന്റെ 13-ാമത്തെ കളിക്കാരനായി നാമകരണം ചെയ്തിരുന്നു. കളിക്ക് മുമ്പ് 63 സെക്കൻഡ് (അദ്ദേഹത്തിന്റെ അവസാന മത്സരത്തിൽ അദ്ദേഹം ബാറ്റ് ചെയ്ത സ്കോർ) കരഘോഷം മുഴക്കിയാണ് കാണികൾ ഹ്യൂസിനോടുള്ള ആദരവ് പ്രകടമാക്കിയത്.