തീപ്പൊരിയായി മുഹമ്മദ് ഷമി, ഓസീസിനെ പിടിച്ച് കെട്ടി ടീം ഇന്ത്യ
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസിനെ 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധസെഞ്ചുറിയും അലക്‌സ് ക്യാരിയുടെ ചെറുത്തുനില്‍പ്പുമാണ് ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ പൂജ്യത്തിന് പുറത്താക്കി ഷമി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ഹെഡിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് സ്മിത്തും മാര്‍നസ് ലാബുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ മുന്നോട്ട് നയിച്ചു. എന്നാല്‍ ലാബുഷെയ്‌നിനെ ജഡേജ മടക്കി. ഭാഗ്യത്തിന്റെ അകമ്പടിയോടെ സ്മിത്ത് അര്‍ധസെഞ്ചുറി നേടി.
ജോഷ് ഇംഗ്ലിസ് തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും കൂടുതല്‍ നേരം പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് അലക്‌സ് ക്യാരിയും സ്മിത്തും ചേര്‍ന്ന് ഓസീസിനെ 200 കടത്തി. എന്നാല്‍ ഷമി സ്മിത്തിനെ പുറത്താക്കി ഇന്ത്യക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കി. മാക്‌സ്വെല്ലിനെ പുറത്താക്കി അക്‌സര്‍ പട്ടേലും തിളങ്ങി. ക്യാരിയുടെ ചെറുത്തുനില്‍പ്പാണ് ഓസീസിനെ 250 കടത്തിയത്. ഒടുവില്‍ ക്യാരിയെ റണ്ണൗട്ടാക്കി ശ്രേയസ് അയ്യര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ഷമിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തി ഓസീസിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ഇന്ത്യക്ക് വേണ്ടി ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജഡേജയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റ് വീതം നേടി. ഇപ്പോള്‍ 265 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചിരിക്കുന്നു.