കര്‍ശന നടപടിയുമായി ബിസിസിഐ, കോഹ്ലി, രോഹിത്ത്, ജഡ്ഡു, അശ്വിന്‍ എന്നിവരുടെ അവസാന ഹോം ടെസ്റ്റ്
ന്യൂസിലന്‍ഡിനോടേറ്റ പരാജയത്തിന്റെ ഞെട്ടലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം!. ടെസ്റ്റ് പരമ്പരയിലെ വൈറ്റ്വാഷ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ നാണംകെട്ട പ്രകടനത്തിന് പിന്നാലെ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
പ്രത്യേകിച്ച് സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മ്മയും പരമ്പരയില്‍ നിരാശപ്പെടുത്തി. ഇരുവരും മോശം ഫോമിലായിരുന്നു, കടുത്ത വിമര്‍ശനവും നേരിട്ടു.
രോഹിത്, കോലി, അശ്വിന്‍, ജഡേജ എന്നിവര്‍ ഒരുമിച്ച് കളിക്കുന്ന അവസാന ഹോം ടെസ്റ്റ് പരമ്പരയായിരിക്കും ഇതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീനിയര്‍ താരങ്ങളുടെ ഭാവി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് ശേഷം തീരുമാനിക്കപ്പെട്ടേക്കാം.
മൂന്നാം ടെസ്റ്റിലെ തോല്‍വിക്ക് ശേഷം പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ദീര്‍ഘനേരം ചര്‍ച്ച നടത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണമെങ്കിലും വിജയിക്കണം. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യ വരുത്തിയിട്ടില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് സ്ഥാനം നഷ്ടമായേക്കാം. സായ് സുധര്‍ശന്‍, ദേവദത്ത് പടിക്കല്‍ തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം.
വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മാനവ് സുതര്‍ എന്നിവരുടെ മികച്ച പ്രകടനം ടീമിന് ആശ്വാസം പകരുന്നു.